Dieses Blog durchsuchen

Samstag, 1. Oktober 2022

മനുഷ്യപുത്രന്റെ ഉയർത്തപ്പെടൽ:.കൈത്താക്കാലം നാലാം ഞായർ യോഹന്നാൻ 12:22-33

കൈത്താക്കാലം നാലാം ഞായർ യോഹന്നാൻ 12:22-33 ചൈനീസ് ചിത്രകാരനായ Dao Zi -യുടെ പ്രസിദ്ധമായ ഒരു ചിത്രത്തിന് അദ്ദേഹം കൊടുത്തിരിക്കുന്ന പേര്  "ദൈവവും സ്വർണ്ണവും: എത്ര കിട്ടിയാൽ നമുക്ക് മതിവരും?" എന്നാണ്. സ്വർണ്ണം കൊണ്ട് വരച്ച ഒരു ചിത്രമാണിത് എന്നാണെന്റെ ഓർമ്മ. ഈ പേര് ആക്ഷേപഹാസ്യം എന്ന് തോന്നാം! സ്വർണ്ണം സമ്പത്തിനെയും ആഡംബരത്തെയും സുഖലോലുപതയേയും സൂചിപ്പിക്കുന്നു. ദൈവം നമ്മുടെ ആത്യന്തിക ജീവിതലക്ഷ്യത്തെ സൂചിപ്പിക്കുന്നു. ഇതിൽ ഏതെങ്കിലും സ്വന്തമാക്കാനും വർദ്ധിപ്പിക്കാനും പരിശ്രമിക്കുമ്പോൾ എത്ര കിട്ടിയാലും മതിവരില്ല എന്നൊരു ധ്വനി ഈ പേരിലുണ്ട്. ഇതിൽ ഏതെങ്കിലും സ്വന്തമാക്കാനും വർദ്ധിപ്പിക്കാനും പരിശ്രമിക്കുമ്പോൾ മറ്റതിനോട് ആഭിമുഖ്യം കുറയും എന്ന ധ്വനിയും ഇതിനുണ്ട്. ഇത് രണ്ടും ഒരുപോലെ നമ്മെ ആകർഷിക്കുമെന്നും സൂചനയുണ്ട്. ദൈവമില്ലാത്ത സമ്പത്തും സുഖവും,  സമ്പത്തും സുഖവും ഇല്ലാത്ത ദൈവവും അവതരിപ്പിച്ചിട്ട് ഇതിൽ ഏതു നമ്മൾ തിരഞ്ഞെടുക്കുമെന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നില്ലേ എന്നും   ഈ കലാകാരന്റെ സൃഷ്ടിയും കുറിപ്പും കാണുമ്പോൾ തോന്നും. ഇന്നത്തെ സുവിശേഷം വായിച്ചപ്പോൾ ഓർമ്മ വന്നത് Dao zi എന്ന ഈ ചൈനീസ് കലാകാരന്റെ  "ദൈവവും സ്വർണ്ണവും: എത്ര കിട്ടിയാൽ നമുക്ക് മതിവരും?" എന്ന ചിത്രവും അതുണർത്തുന്ന ചോദ്യങ്ങളും ആണ്. കാരണം ദൈവതിരുമുൻപിൽ സ്വീകാര്യനാകാൻ ത്യാഗവും സഹനവും നഷ്ടവും ആവശ്യമാകുമെന്ന സന്ദേശമാണ് ഇന്നത്തെ സുവിശേഷം നൽകുന്നത്. ക്രിസ്തുവിന്റെ സഹനവും ക്രിസ്തുവിന്റെ പേരിലുള്ള ക്രൈസ്തവരുടെ സഹനവും വെറുതെയാകില്ല എന്നും വചനം സൂചിപ്പിക്കുന്നു. മനുഷ്യപുത്രന്റെ ഉയർത്തപ്പെടൽ, പുറം തള്ളപ്പെടുന്ന ഈ ലോകത്തിന്റെ അധികാരി,  എല്ലാവരെയും തന്നിലേക്ക് ആകർഷിക്കുമെന്ന ഈശോയുടെ വാഗ്ദാനം, പ്രകാശത്തിന്റെ മക്കളായി ജീവിക്കാനുള്ള ആഹ്വാനം, ക്രിസ്തുവിന്റെ മരണത്തെക്കുറിച്ചുള്ള പ്രവചനം തുടങ്ങിയ വിഷയങ്ങളാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രതിപാദനം. അവയിൽ മനുഷ്യപുത്രന്റെ മഹത്വപ്പെടലും അതാവശ്യപ്പെടുന്ന ത്യാഗവും ആണ് ഒരു പ്രധാന വിഷയം. അതായതു ഈശോ തന്റെ  മഹത്വപ്പെടലിനെ ക്കുറിച്ച് സംസാരിക്കുന്നു. ഈശോയുടെ മഹത്വപ്പെടൽ സഹനത്തിലൂടെയും മരണത്തിലൂടെയും ആണ്. ഓശാന പാടി ജനം ഈശോയെ എതിരേറ്റപ്പോൾ ഈശോ അവരോടു തന്റെ സഹനത്തെക്കുറിച്ചും മനുഷ്യരുടെ നെറികേടിനെകുറിച്ചും സംസാരിക്കുന്ന ഭാഗമാണിത്. ഗ്രീക്കുകാർ ഈശോയെ കാണാനും ഈശോയോടു സംസാരിക്കാനും ആഗ്രഹിച്ചു വന്നപ്പോഴാണ് തന്റെ മഹത്വീകരണത്തെക്കുറിച്ചു ള്ള ഈശോയുടെ ഈ വെളിപ്പെടുത്തൽ. ഈശോയുടെ പ്രഭാഷണങ്ങൾ പ്രസിദ്ധവും പൊതുജനത്തിന് പ്രതീക്ഷ നൽകുന്നതും ആയിരുന്നതുകൊണ്ടും ഈശോയുടെ പ്രവൃത്തികൾ രോഗികൾക്കും ദരിദ്രർക്കും അവഗണിക്കപ്പെട്ടവർക്കും പീഡിതർക്കും ആശ്വാസവും ആൽമവിശ്വാസവും നൽകിയിരുന്നതുകൊണ്ടും ഗ്രീക്കുകാർ മാത്രമല്ല മറ്റു പലരും ഈശോയെ കേൾക്കാനും ഈശോയോടു സംസാരിക്കാനും ആഗ്രഹിച്ചിരുന്നു. എന്നാൽ അവരൊന്നും പ്രതീക്ഷിച്ച വിഷയങ്ങളല്ല ഈശോ അവരോട് ഇപ്രാവശ്യം സംസാരിച്ചത്.ഈശോയുടെ അത്ഭുതങ്ങൾ കാണുന്നതിനോ, വചനങ്ങൾ  കേൾക്കുന്നതിനോ, പ്രസിദ്ധനായ  ഈശോയെ  ഒരു നോക്ക് കാണുന്നതിനോ മാത്രം വരുന്നവരെ ആവേശഭരിതരാക്കുന്ന  വാക്കുകളല്ല ഇശോയുടെത്‌. വലിയൊരു ഫാൻ ഉള്ള സ്റ്റാർ ആയി ഉയർന്നു നിൽക്കുക ഈശോയുടെ താത്പര്യമല്ല. ഈശോയെ അനുഗമിക്കാൻ  താല്പര്യമുണ്ടോ എന്നത് മാത്രമാണ് പ്രസക്തം. ഈശോയെ സ്രവിക്കുന്നവരെയും സേവിക്കാൻ ആഗ്രഹിക്കുന്നവരെയും തന്നെ അനുഗമിക്കാൻ ഈശോ ക്ഷണിക്കുന്നു. ഈശോയുടെ ക്ഷണം സ്വീകരിക്കുന്നവരിൽനിന്നും  ത്യാഗപൂർണ്ണമായ ജീവിതം അവിടുന്ന് ആവശ്യപ്പെടുന്നു.ക്രിസ്തുവിനെ അനുഗമിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പലതും ഉപേക്ഷിക്കേണ്ടി വരുമെന്ന താക്കീതും ഈശോ നൽകുന്നു. ചിലപ്പോൾ ഈ ഉപേക്ഷിക്കൽ വലിയൊരു ത്യാഗമായി മാറാം. ക്രിസ്തുവിനെ അനുഗമിക്കുക എന്നാൽ ദൈവവുമായി ആഴമായ ബന്ധത്തിൽ ആയിരിക്കുക എന്നർത്ഥം. ദൈവത്തിൽ ജീവിക്കുക, ദൈവത്തിന്റേതായി ജീവിക്കുക,  എന്നും സാരം. ഗോതമ്പുമണി നിലത്തു വീണഴിഞ്ഞു ഫലം പുറപ്പെടുവിക്കുന്നതുപോലെ എന്ന് പറയുമ്പോൾ ക്രിസ്തുവിനെ അനുഗമിക്കാൻ അടിസ്ഥാനപരമായ ഒരു പരിണാമം നമ്മിൽ ആവശ്യപ്പെടുന്നു എന്നർത്ഥം. അഴിഞ്ഞുപോകുന്ന ഒരു ഗോതമ്പുമണിയിൽ നിന്നും പുതൊയൊരു ഗോതമ്പ് ചെടിയും നൂറു കണക്കിന് ഗോതമ്പ് മണികളും ആണ് സൃഷ്ടിക്കപ്പെടുന്നത്. ഈ നൂറുകണക്കിന് ഗോതമ്പുമണികൾ അഴിയുമ്പോൾ നൂറു  കണക്കിന് ഗോതമ്പുചെടികളും ആയിര  കണക്കിനും പതിനായിരക്കണക്കിനും  ഗോതമ്പുമണികളും സൃഷ്ടിക്കപ്പെടും. അവ വീണ്ടും ലക്ഷങ്ങളായി പെരുകുന്ന പ്രക്രിയ തുടരും. നന്മ ചെയ്യുന്നതിനുവേണ്ടി ത്യാഗം സഹിക്കുന്നവർ ഈ ഗോതമ്പുമണി  പോലെയാണ്. ഇശോ നന്മ ചെയ്യാനും മനുഷ്യരെ സമൃദ്ധിയിലേക്കും സ്വതന്ത്ര്യത്തിലേക്കും നയിക്കാനും സ്വന്തം ജീവൻ പോലും ത്യജിക്കുന്നു എന്ന് പ്രഖ്യാപിക്കയാണ്. അതുകൊണ്ടാണ് ദൈവം ഈശോയെ മഹത്വീകരിക്കുന്നത്. കൊല്ലപ്പെട്ട ഈശോക്ക്  മരണത്തിന് കീഴടങ്ങേണ്ടി വന്നില്ല. അവിടുന്ന് മഹത്വപൂർണ്ണനായി ഉയിർത്തു. ഈശോയുടെ ഉത്ഥാനം ഈശോയുടെ മഹത്വീകരണം ആയിരുന്നു. അതിന് കാരണം സ്വന്തം ജീവൻ പോലും ത്യജിക്കാൻ മാത്രം തീവ്രമായ മനുഷ്യരുടെ  നന്മക്കും സമൃദ്ധിക്കും വേണ്ടിയുള്ള ഈശോയുടെ സമർപ്പണം ആയിരുന്നു. ക്രിസ്തുവിനെപ്പോലെ സ്വന്തം ജീവൻ പോലും ഉപേക്ഷിക്കാൻ നമുക്ക് സാധിച്ചെന്നു വരില്ല. അത്ര തീവ്രമായ സമർപ്പണം ആരും നമ്മിൽ നിന്നും ഇന്ന് പ്രതീക്ഷിക്കുന്നും ഇല്ല. എന്നാൽ മഹത്വീകരണത്തിന്റെ ഉന്നതിയും അത് നൽകുന്ന ആൽമനിർവൃതിയും ത്യജിക്കലിന്റെ ആഴവും തോതും അനുസരിച്ചു ആയിരിക്കും എന്ന സൂചന നമുക്കവഗണിച്ചുകൂട. അതുകൊണ്ട് നമുക്കു നമ്മുടെ കഴിവും പ്രാപ്തിയും നമ്മുടെ ജീവിത സാഹചര്യങ്ങളും അനുസരിച്ചു മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനും സമൃദ്ധിക്കുമായി ത്യാഗം സഹിക്കാം. അതിനുതകുന്ന പ്രതിഫലം നമുക്ക് പ്രതീക്ഷിക്കാം! "ദൈവവും സ്വർണ്ണവും: എത്ര കിട്ടിയാൽ നമുക്ക് മതിവരും?" എന്ന ചോദ്യത്തിന് "ദൈവം അതിരില്ലാതെ വന്നു നിറയട്ടെ" എന്ന് നമുക്ക് മറുപടി പറയാം! അതിനായി പ്രാർത്ഥിക്കാം!ദൈവം അനുഗ്രഹിക്കട്ടെ!ജോസഫ് പാണ്ടിയപ്പള്ളിൽ

Keine Kommentare:

Kommentar veröffentlichen