രാമപുരം വി. അഗസ്തീനോസിന്റെ ദേവാലയത്തിൽ ഒരു വിവാഹത്തിന് പറഞ്ഞ (2022) സന്ദേശം!
പ്രിയ വധൂവരന്മാരെ, ബന്ധുമിത്രാദികളെ,
ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റം മനോഹരമായ കല്യാണപ്രസംഗം ശ്രവിക്കാനായത് 2018 മെയ്മാസംപത്തൊൻപതാം തിയതിയാണ്. അത് ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെയും വധു മെഗാന്റെയും കല്യാണത്തിന്അമേരിക്കയിലെ എപ്പിസ്കോപ്പൽ ചർച്ചിന്റെ ബിഷപ്പായ മൈക്കിൾ കറി Windsar Castle-ലെ St. George ചാപ്പലിൽ പറഞ്ഞ പ്രസംഗമാണ്. വധൂവരന്മാരായ ഹാരിയും മേഗാനും കല്യാണത്തിന് ക്ഷണിക്കപ്പെട്ട വിശിഷ്ടതിഥികളും മാത്രമല്ല അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ആവേശഭരിതരായത്. അന്ന് windsor castle കൊട്ടാരത്തിന് ചുറ്റും കൂടിയ ആയിരക്കണക്കിനാളുകളും അന്ന് ടെലിവിഷനിലും ഇന്റർനെറ്റിലും ആ പ്രസംഗംകേട്ട എന്നെപ്പോലെ ലക്ഷക്കണക്കിനാളുകളും മനോഹരമായ പ്രസംഗം എന്നതിനെ വിലയിരുത്തി. പത്രങ്ങളിലുംനവമാധ്യമങ്ങളിലും ഒട്ടനവധി നല്ല പ്രതികരണങ്ങൾ ഈ പ്രസംഗത്തിന് കിട്ടി.
ഒന്നാമതായി അവിശ്വസനീയമാം വിധം സജീവവും ബോദ്ധ്യത്തോടുകൂടിയതും ബോദ്ധ്യപ്പെടുത്തുന്നതുമായപ്രസംഗമായിരുന്നു ബിഷപ്പ് മൈക്കിൾ കറിയുടേത്.
രണ്ടാമതായി അദ്ദേഹം പ്രസംഗിച്ചത് പരിശുദ്ധ സ്നേഹത്തെക്കുറിച്ചായിരുന്നു. വിവാഹാവസരത്തിൽവധൂവരന്മാർ മാത്രമല്ല, വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരും സ്നേഹത്തെക്കുറിച്ചു കേൾക്കാൻഇഷ്ടപ്പെടുക സ്വാഭാവികമാണ്.
"നമ്മൾ സ്നേഹത്തിന്റെ ശക്തി കണ്ടെത്തണം", ബിഷപ്പ് കറി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
"നമ്മൾ സ്നേഹത്തിന്റെ ശക്തി കണ്ടെത്തിയാൽ നമ്മളീ കാണുന്ന ലോകത്തിൽ നിന്നും ഒരു പുതിയ ലോകംസൃഷ്ട്ടിക്കാൻ നമുക്കാകും. സ്നേഹമാണ് അതിനുള്ള ഏക മാർഗ്ഗം. സ്നേഹം മരണത്തെക്കാൾ ശക്തമാണ്. സ്നേഹത്തിന്റെ ഈ ശക്തി ഒരു വികാരമല്ല. നമ്മൾ സ്നേഹിക്കപ്പടുന്നു എന്ന് തോന്നിയാൽ, ജീവിക്കേണ്ടത്എങ്ങനെയെന്ന് ആ സ്നേഹം നമ്മെ പഠിപ്പിക്കും. സ്നേഹത്തിന്റെ ഉറവിടം ദൈവം തന്നെയാണ് ". ഏതാണ്ഇതുപോലെയായിരുന്നു ബിഷപ്പ് കറിയുടെ വാക്കുകൾ. ബിഷപ്പ് കറിയുടെ സന്ദേശം ഒരു വിവാഹത്തിന്നൽകാവുന്ന നല്ലൊരു ആശംസയും നല്ലൊരു സന്ദേശവും ആണെന്ന് എനിക്കു തോന്നുന്നു.
ഇന്ന് ----യും ----- യും വിവാഹം എന്ന കൂദാശയിലൂടെ സുഖത്തിലും ദുഖത്തിലും ആരോഗ്യത്തിലുംഅനാരോഗ്യത്തിലും സാമ്പത്തിലും ദാരിദ്ര്യത്തിലും ഒരുമിച്ചുനീങ്ങുമെന്ന് പ്രഖ്യാപിക്കുന്നതിലൂടെ പുതിയൊരുലോകം സൃഷ്ടിക്കാൻ തുടക്കമിടുകയാണ്. ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു മഹാസംഭവത്തിന്അവർ ആരംഭം കുറിക്കുന്നു. സ്നേഹത്തിന്റെ ശക്തി അറിഞ്ഞും അനുഭവിച്ചും പകർന്നു കൊടുത്തും മാത്രമേപുതിയൊരു ലോകം സൃഷ്ടിക്കാൻ സാധിക്കൂ. ഇന്ന് ശ്രവിച്ച വിശുദ്ധഗ്രന്ഥ വായനകൾ കുടുംബജീവിതത്തിനുഅടിസ്ഥാനമായ സ്നേഹത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നവയാണ്.
നിങ്ങൾ യുറോപ്പിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ, കിഴക്കൻ യൂറോപ്പിലും പടിഞ്ഞാറൻ യൂറോപ്പിലും, മിക്കവാറുംഎല്ലാ രാജ്യങ്ങളിലും അവിടെയുള്ള നദികളുടെ പാലങ്ങളുടെ രണ്ടു വശത്തുമുള്ള കൈപിടികളിൽആയിരക്കണക്കിന് താഴുകൾ പൂട്ടി ഇട്ടിരിക്കുന്നത് കാണാൻ സാധിക്കും. ഒരു പത്തു വർഷത്തിന് ശേഷം അതേപാലത്തിലൂടെ കടന്നുപോയാൽ താഴുകളുടെ എണ്ണം കൂടിയിട്ടുള്ളതായി മനസിലാകും. അത് വധൂവരന്മാർ പലരുംവിവാഹശേഷം ചെയ്യുന്ന ഒരു ആചാരമാണ്. വിവാഹശേഷം അവർ ഏതെങ്കിലും പാലത്തിന് മുകളിലെത്തി താഴ്പാലത്തിന്റെ പിടിയിൽ പൂട്ടിയിട്ട് അവർ ഒരുമിച്ച് താഴിന്റെ താക്കോൽ ഏറെ ആഴവും ശ്കതമായ ഒഴുക്കും ഉള്ളനദിയിലേക്ക് വലിച്ചെറിയും. എന്നിട്ടവർ പരസ്പരം പറയും: എന്തൊക്കെ പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായാലും, ഏതെല്ലാം പ്രതിസന്ധികളിലൂടെ അവർ കടന്നു പോയാലും, അവരുടെ ബന്ധം തകരണമെങ്കിൽ അതിനു മുൻപ്അവർ ഒരുമിച്ച് എറിഞ്ഞു കളഞ്ഞ താക്കോൽ ഒരുമിച്ച് കണ്ടെത്തി താഴിന്റെ പൂട്ട് ഒരുമിച്ച് തുറക്കണം എന്ന്.
എന്നു പറഞ്ഞാൽ ഒരിക്കലും കുറയാത്തതും തകരാത്തതുമായ ഒരു സ്നേഹബന്ധം അവർ വിവാഹത്തിലൂടെഉത്ഘാടനം ചെയ്യുകയാണ്.
ഞങ്ങളുടെ ആശംസയും പ്രാർത്ഥനയും ഇതാണ്. "പരസ്പരം സ്നേഹിക്കുക" എന്ന ക്രിസ്തുവിന്റെ കൽപ്പനഅതിന്റെ പൂർണ്ണതയിൽ അനുഭവിക്കാൻ നിങ്ങൾക്ക് കഴിയട്ടെ.
സ്നേഹത്തിന്റെ ശക്ത്തി അനുഭവിച്ചു നിങ്ങൾക്ക് നിങ്ങളുടെ കുടുംബങ്ങളിലും ഇടവകയിലും ജോലിസ്ഥലത്തുംപുതിയ ഒരു ലോകം ശൃഷ്ടിക്കാൻ നിങ്ങൾക്ക് കഴിയട്ടെ.
നിങ്ങളുടെ പരസ്പരമുള്ള സ്നേഹം വളരുന്നതിനും ശക്തി പ്രാപിക്കുന്നതിനുമായി നിങ്ങള്ക്ക് വേണ്ടിയുംനിങ്ങളുടെ മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടിയും സമയം കണ്ടെത്താൻ നിങ്ങൾക്ക്സാധിക്കട്ടെ.
നിങ്ങളും നിങ്ങളുടെ കുട്ടികളും ഒക്കെയായി പുതിയൊരു ലോകം കെട്ടിപ്പടുക്കുമ്പോൾ കൂട്ടത്തിൽ എന്നുംദൈവത്തെ ഹൃദയത്തോട് ചേർത്തു പിടിക്കുവാൻ നിങ്ങൾ പ്രാപ്തരാകട്ടെ.
ഞാൻ വായിച്ചിട്ടുള്ളതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകം
ഫ്രഞ്ച് സാഹിത്യകാരനായ അന്റോൺ എസ്പുറി എഴുതിയ "കൊച്ചുരാജകുമാരൻ" എന്ന കൃതിയാണ്. ഏതാണ്ട്അറുപത് പേജുകൾ മാത്രമുള്ള വളരെ ചെറിയ ഒരു പുസ്തകം. ആ പുസ്തകത്തിന്റെ അവസാന ഭാഗത്ത് അതിലെഒരു കഥാപാത്രം തന്റെ സ്നേഹിതനോട് പറയുന്ന വാചകമുണ്ട്.
"ഏറ്റം മനോഹരമായ കാഴ്ചകൾ ഹൃദയം കൊണ്ട് മാത്രമേ കാണാൻ കഴിയുകയുള്ളു. നേത്രങ്ങൾക്കു അവഅദൃശ്യമാണ്. നിന്നെ വിശ്വസിക്കുന്നവരോട് ജീവിതകാലം മുഴുവൻ നീ കടപ്പെട്ടിരിക്കുന്നു. നിന്റെ റോസാപ്പൂവ്നിന്റെ ജീവിതകാലം മുഴുവൻ വാടാതിരിക്കാനുള്ള ഉത്തരവാദിത്തം നിനക്ക് മാത്രമാണ്."
ഇന്ന് വിവാഹിതരാകുന്ന വധൂവരന്മാരോടും നാളുകളായി വിവാഹജീവിതം നയിക്കുന്ന ദമ്പതികളോടും വിവാഹംകഴിക്കാൻ ആഗ്രഹിക്കുന്നവരോടും എനിക്കു പറയാനുള്ളതും അത് തന്നെയാണ്. "നിന്റെ റോസാപ്പൂവ് നിന്റെജീവിതകാലം മുഴുവൻ വാടാതിരിക്കാനുള്ള ഉത്തരവാദിത്തം നിനക്ക് മാത്രമാണ്."
വി പൗലോസ് കൊറിന്ത്യാക്കാർക്കുള്ള ഒന്നാം ലേഖനം പതിമൂന്നാം അദ്ധ്യായത്തിൽ എഴുതിയിരിക്കുന്നു: സ്നേഹം, വിശ്വാസം, പ്രതീക്ഷ: അതിൽ ഒന്നാമത്തേതും മഹത്തരവും സ്നേഹമാണ്:
പ്രിയ വധൂവരന്മാരെ,
നിങ്ങളിൽ സ്നേഹം ഒരിക്കലും മരിക്കാതിരിക്കട്ടെ;
വിശ്വാസം ഒരിക്കലും കുറയാതിരിക്കട്ടെ;
പ്രതീക്ഷ ഒരിക്കലും കെടാതിരിക്കട്ടെ.
വി. അഗസ്തീനോസിന്റെ വാക്കുകൾ ആശം സയായി നൽകി എന്റെ സന്ദേശം അവസാനിപ്പിക്കുകയാണ്:"സ്നേഹത്തിന്റെ വേരുകൾ നിങ്ങളുടെ ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങട്ടെ!"
വധൂവരൻമാർക്കും ഈ മംഗളമുഹൂർത്തത്തിൽ പങ്കുചേരാൻ എത്തിയിരിക്കുന്ന എല്ലാവർക്കും ദൈവത്തിന്റെഅനുഗ്രഹവും സ്നേഹവും ഹൃദയപൂർവം ആശംസിക്കുന്നു. ആമ്മേൻ!
ജോസഫ് പാണ്ടിയപ്പള്ളിൽ
Keine Kommentare:
Kommentar veröffentlichen