Dieses Blog durchsuchen

Montag, 26. September 2022

ഈഈശോയുടെ രണ്ടാം ആഗമനത്തെക്കുറിച്ച് : ഏലിയ, സ്ലീവാ, മോശക്കാലം: മൂന്നാം ഞായർ:

 ഏലിയ, സ്ലീവാ, മോശക്കാലം: മൂന്നാം ഞായർ:

മത്തായി 24:29-34
ഏലിയ, സ്ലീവാ, മോശക്കാലം മൂന്നാം ഞായറാഴ്ച്ചയായ ഇന്ന് ഈശോയുടെ രണ്ടാം ആഗമനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വചനഭാഗമാണ് വി. മത്തായി എഴുതിയ സുവിശേഷത്തിൽ നിന്നും നമ്മൾ ശ്രവിച്ചത്. വി. മർക്കോസും വി. ലൂക്കയും ഇതേകാര്യം പ്രതിപാദിക്കുന്നുണ്ട് (മാർക്കോസ് 13:3-35; ലൂക്കാ 21:7-34).
യഹൂദർ നൂറ്റാണ്ടുകളായി ക്രിസ്തുവിന്റെ വരവിനായി കാത്തിരുന്നതുപോലെയും ഇന്നും അവരുടെ കാത്തിരിപ്പ് തുടരുന്നതുപോലെയും രണ്ടായിരത്തിലേറെ വർഷങ്ങളായി ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനായുള്ള ക്രൈസ്തവരുടെ കാത്തിരിപ്പും തുടരുന്നു. ക്രൈസ്തവർക്കും യഹൂദർക്കും പൊതുവായുള്ള കാര്യം രണ്ടു കൂട്ടരും പ്രതീക്ഷ വെടിയാതെ ഇന്നും കാത്തിരിക്കുന്നു എന്നതും രണ്ടു കൂട്ടരും ക്രിസ്‌തുവിനെ, രക്ഷകനെ, കാത്തിരിക്കുന്നു എന്നതുമാണ്.
ആകാശത്തു ക്രിസ്തു പ്രത്യക്ഷപ്പെടുമെന്നാണ് ബൈബിളിൽ പ്രതിപാദനം. ക്രൈസ്തവരുടെ ജീവിതം ക്രിസ്‌തുവിന്റെ രണ്ടാം വരവിനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ കാലമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഏലിയ, സ്ലീവാ, മോശക്കാലം ഈ കാത്തിരിപ്പിനെ ഓർമ്മിപ്പിക്കുന്നു.
ലോകാവസാനത്തിനു വേണ്ടിയുള്ള കാത്തിരിപ്പായാണ്
ഇതിനെ ക്രൈസ്തവർ പൊതുവെ മനസിലാക്കുന്നത്.
ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് നാഥനെ വീണ്ടും കാണുന്നതിന്റെ സന്തോഷം നല്കുമെങ്കിക്കും ക്രിസ്തുവിന്റെ രണ്ടാം വരവിന്റെ അടയാളങ്ങളും അക്കാര്യത്തിൽ നൽകുന്ന താക്കീതുകളും ആകുലതയും ഭയവും ജനിപ്പിക്കുന്നതാണ്.
നിനച്ചിരിക്കാത്ത നേരത്ത് അപ്രതീക്ഷിതമായാണ് ക്രിസ്തു വരിക. അവസാന നാളിന്റെ ദിവസമോ തിയതിയോ വ്യക്തമല്ല. അത് എന്നാണെന്നു മനുഷ്യർക്കാർക്കെങ്കിലുമോ മാലാഖമാർക്കോ അറിയില്ലെന്നും സ്വർഗ്ഗസ്ഥനായ പിതാവിന് മാത്രമേ അറിയാവൂ എന്നും പറയുന്നതിലൂടെ ആ ദിവസത്തിന്റെ പ്രാധാന്യവും അനിശ്ചിതത്വവും വ്യക്തമാക്കുകയാണ് സുവിശേഷകൻ. അപ്രതീക്ഷിതമായ നേരത്ത് വരുന്ന മനുഷ്യപുത്രനെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കണമെന്നും നിർദേശം. മനുഷ്യപുത്രന്റെ അപ്രീതിക്ഷിതമായ വരവ് നമ്മുടെ കാത്തിരിപ്പിനെ തീർച്ചയായും ആകാംഷാഭരിതമാക്കും.
അധികാരത്തോടും മഹത്വത്തോടും കൂടിയാണ് ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് എന്നാണ് പ്രതിപാദനം. ലോകത്തിന്റെ അവസാനമായും സമയത്തിന്റെ അന്ത്യമായും ആണ് ക്രൈസ്തവർ ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെ വ്യാഖ്യാനിച്ചതും വ്യാഖ്യാനിക്കുന്നതും.
സ്വർഗ്ഗാരോപിതനായ ക്രിസ്തു വീണ്ടും വരുമെന്നും അവൻ വനമേഘങ്ങളിൽ പ്രത്യക്ഷപ്പെടുമെന്നുമുള്ള ക്രൈസ്തവരുടെ ഈ വിശ്വാസവും പ്രതീക്ഷയും ആദിമനൂറ്റാണ്ടിൽ ക്രൈസ്തവർക്ക് വലിയ ശക്തിയും ആശ്വാസവും പ്രോത്സാഹനവുമായിരുന്നു. പ്രത്യേകിച്ച് കഠിനവേദനകളുടെയും പീഡകളുടെയും നാളുകളിൽ ക്രിസ്തു വരുമെന്ന പ്രതീക്ഷ ആദിമ ക്രൈസ്തവർക്ക് ശുഭാസ്പതി വിശ്വാസവും പ്രതീക്ഷയും നൽകി. പീഡനങ്ങളുടെ നാളുകളിൽപോലും സുവിശേഷം പ്രഘോഷോക്കുവാൻ അവരെ അത് പ്രാപ്തരാക്കി.
അവസാന നാളുകളിലെ അടയാളങ്ങൾ പലതും സുവിശേഷങ്ങൾ വിവരിക്കുന്നുണ്ട്.
സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളും പ്രകൃതിക്ഷോഭങ്ങളും അടയാളങ്ങളായി പറയപ്പെടുന്നു. മനുഷ്യർക്കിടയിലെ കലഹവും ശത്രുതയും അടയാളങ്ങളായി നൽകിയിരിക്കുന്നു. മനുഷ്യപുത്രന്റെ വരവിനുള്ള അടയാളങ്ങൾ വളരെ പ്രകടമാണെന്നും ക്രിസ്തു ഉടനെ വരുമെന്നും ആദിമ ക്രൈസ്തവർക്ക് അവരുടെ പീഡനകാലത്ത് തോന്നിയിരുന്നു. അതുകൊണ്ടുംകൂടിയാണ് അവർ ആരാധനാക്രമത്തിൽ "നാഥൻ വരുന്നു", "നാഥാ വരേണമേ", "മാറാ നാത്ത" എന്ന് പ്രാർഥിച്ചത്.
ഒരു പക്ഷെ, മനുഷ്യപുത്രന്റെ വരവിനുള്ള അടയാളങ്ങൾ ഇന്ന് വളരെ പ്രകടമാണെന്നും നമുക്ക് തോന്നാം.
ഭൂമികുലുക്കം, സുനാമി, കാട്ടുതീ, കൊടുങ്കാറ്റ്, കാലാവസ്ഥാവ്യതിയാനം, ഉയരുന്ന ഭൂമിയുടെ താപനില, തുടങ്ങിയ അടയാളങ്ങൾ കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നുമാത്രമല്ല തുടരെ അവ വർദ്ധിച്ചുകൊണ്ടേ ഇരിക്കുന്നു.
യുദ്ധവും കലാപവും അഭയാർത്ഥി-പ്രവാഹവും ഒന്നിനൊന്നു ക്രൂരവും തീവ്രവും ആകുന്നു.
ഇന്നത്തെ മനുഷ്യരുടെ ഭയവും ആകുലതയും വേദനയും രോധനവും അസന്നിദ്ധതയും കാലത്തിന്റെ അടയാളങ്ങളായി മനസിലാക്കാം.
കലഹവും അന്തച്ചിദ്രവും ഒന്നിനൊന്ന് വർദ്ധിക്കുന്നു. ഇവ ലോകാവസാനത്തിന്റെ അടയാളമായി വ്യാഖ്യാനിക്കുന്നവരുണ്ട്.
എന്നാൽ മനുഷ്യചരിത്രം പിറകോട്ട് വായിച്ചാൽ തത്തുല്യങ്ങളായ അടയാളങ്ങളും അനുഭവങ്ങളും തത്തുല്യങ്ങളായ വ്യത്യസ്ത പ്രശ്നങ്ങളും പ്രതിസന്ധികളും പലപ്പോഴും ഉണ്ടായിരുന്നു എന്ന് ബോധ്യപ്പെടും. മനുഷ്യ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള വിപ്ലവങ്ങളും യുദ്ധങ്ങളും, പ്രതേകിച്ചു, രണ്ടു ലോകമഹായുദ്ധങ്ങൾ വിലയിരുത്തുമ്പോൾ നമുക്ക് സങ്കല്പിക്കാവുന്നതേയുള്ളു, എന്തുമാത്രം ക്രൂരതയും ദുരിതവും ഭീകരതയും അവ വരുത്തിവച്ചു എന്ന്. ഉക്രൈൻ റഷ്യൻ യുദ്ധത്തിലൂടെയും നൈജീരിയ പോലുള്ള രാജ്യങ്ങളിലെ ഭീകരമായ പീഡനങ്ങളിലും അസഹനീയവും നീതീകരിക്കാത്തതുമായ സംഭവങ്ങളാണ് കേൾക്കുന്നതെങ്കിലും കഴിഞ്ഞകാല യുദ്ധങ്ങളിലും മതപീഡനങ്ങളിലും അവ ഒട്ടു കുറവായിരുന്നില്ല. മനുഷ്യൻ സംസ്ക്കാരികമായും യന്ത്രവൽക്കരണത്തിലും വളർന്നെങ്കിലും ഭൂതകാല അനുഭവങ്ങളിൽ നിന്നും മനുഷ്യർ ഒന്നും പഠിച്ചിട്ടില്ലെന്നും ഭൂതകാല മനുഷ്യരിൽ നിന്നും ഇന്നത്തെ മനുഷ്യർ സ്വഭാവത്തിൽ ഒട്ടും വ്യത്യസ്തരല്ല എന്നതും പുരാതനകാലത്തെ മനുഷ്യരെപ്പോലെ കിരാതമായും സ്വാർത്ഥമായും വിവേകരഹിതമായും ആണ് ഇന്നത്തെ മനുഷ്യരും പ്രതികരിക്കുന്നതും പ്രവർത്തിക്കുന്നതും എന്നതും ദുഖകരമാണ്.
എന്നാൽ വർഷങ്ങളും നൂറ്റാണ്ടുകളും കടന്നുപോയിട്ടും വാനമേഘങ്ങളിൽ ക്രിസ്തു വരികയോ മനുഷ്യർ ദുഷ്ടരും നല്ലവരുമെന്ന് രണ്ടായി വിധിക്കപ്പെടുകയോ ചെയ്തില്ല. പലരുടെയും പല പ്രവചനങ്ങളും യാഥാർഥ്യമായില്ല.
എന്നാൽ ആരംഭം ഉള്ളതിനൊക്കെ അവസാനവും ഉണ്ടാകുമെന്നു ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് ലോകം ഒരിക്കൽ ഇല്ലാതാകുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ശാസ്ത്രജ്ഞരും അതുതന്നെയാണ് പറയുന്നത്. ക്രിസ്തു പറഞ്ഞതും അതുതന്നെ. ഭൂമിയെ സംരക്ഷിച്ചുകൊണ്ട് അവസാനം വൈകിക്കാൻ നമുക്കാകും.
അതുകൊണ്ടു ഭൂമിയോടും പ്രകൃതിയോടും മറ്റു മനുഷ്യരോടും ജീവജാലങ്ങളോടും ഉത്തരവാദിത്തപൂർണ്ണമായി പെരുമാറാനും ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കാനും അവസാന നാളുകളെക്കുറിച്ചുള്ള ക്രിസ്തുവിന്റെ വാക്കുകൾ നമ്മെ പ്രേരിപ്പിക്കുന്നു.
അതുപോലെ ഉടൻ ഉണ്ടാകുമെന്ന് കരുതിയ ലോകാവസാനം ഉണ്ടാകാഞ്ഞതുകൊണ്ട് ക്രൈസ്തവർ തന്നെ കാലക്രമേണ ഓരോ വ്യക്തിയുടെയും ക്രിസ്തുവിലേക്ക് തിരിയാനുള്ള ആഹ്വാനമായി പിന്നീട് അന്ത്യ നാളുകളെക്കുറിച്ചുള്ള ക്രിസ്തുവിന്റെ വാക്കുകൾ മനസിലാക്കാൻ തുടങ്ങി.
അന്ത്യ നാളുകളെക്കുറിച്ചുള്ള പ്രതീക്ഷ ക്രൈസ്തവരെ ദൈവോന്മുഖരായി ജീവിക്കാനും ക്രിസ്തുവിനെ സ്വന്തം ജീവിതത്തിൽ സ്വീകരിക്കാനും എന്നും പ്രേരിപ്പിച്ചു. അതോടൊപ്പം ഓരോ വ്യക്തിയും തന്റെ ജീവിതാവസാനം കാത്തിരിക്കാനും സ്വന്തം അവസാന നാളുകളിൽ ക്രിസ്തുവിനെ അഭിമുഘീകരിക്കാൻ ഒരുങ്ങണമെന്നും മനസിലാക്കി.
പലപ്പോഴും നമ്മുടെ ജീവിതാന്ത്യത്തെക്കുറിച്ച് ഓർക്കുമ്പോഴും അതിനായി ക്രിസ്തുവിനെ കാത്തിരിക്കുമ്പോഴും ക്രിസ്തു ഉടനെ വരേണ്ടതില്ല എന്നാവും പലരും ചിന്തിക്കുക. ക്രിസ്‌തുവിനെ സ്വീകരിക്കാൻ ആവശ്യത്തിന് ഒരുങ്ങിയിട്ടില്ല എന്നാവും നൂറു വയസ് കഴിഞ്ഞവരുടെ പോലും ചിന്ത. പലപ്പോഴും ക്രിസ്തുവിലാണ് നിത്യത എന്നറിയാമെങ്കിലും ഇവിടെയുള്ള നിസാരങ്ങളായ നൈമിഷികതയിൽ ഒട്ടിപ്പോകുന്ന ജീവിതമാണ് നമുക്ക് ചുറ്റും കാണുക.
നിത്യത അനന്തമാണ്. അത് ആരംഭത്തിനു മുൻപും അവസാനത്തിനു ശേഷവും ആരംഭത്തെയും അവസാനത്തെയും ബന്ധിപ്പിച്ചു അന്തമില്ലാതെ നിലനിൽക്കുന്നു.
നിത്യതയിൽ ആരംഭത്തെക്കുറിച്ചോ അവസാനത്തെക്കുറിച്ചോ ആകുലതയോ ഭയമോ ആവശ്യമില്ല. ആരംഭവും അവസാനവും നിത്യതയും ഒരുമിക്കയും ഒന്നായിത്തീരുകയും ചെയ്യും.
നിത്യതയിൽ എന്നപോലെ ഇന്ന് ജീവിക്കാൻ കഴിയുമ്പോഴാണ് നമ്മൾ യഥാർത്ഥത്തിൽ ക്രൈസ്തവരാകുന്നത്. ക്രിസ്തുവിന്റെ ജീവിതം അത്തരമായിരുന്നു. പിതാവിന്റെ ഹിതം നിറവേറ്റി യ ക്രിസ്തു ഭൂമി തന്റെ സ്വർഗ്ഗമാക്കിയിരുന്നു. നമുക്കും ഇവിടം സ്വർഗ്ഗമാക്കാൻ കഴിയും. നിത്യതയും സ്വർഗ്ഗവും ക്രിസ്തുവും വരാനിരിക്കുന്നു എന്ന് വിശ്വാസികുമ്പോഴും ഇന്നും എന്നും എല്ലായിടത്തും അത് ലഭ്യമാണെന്നുമുള്ള വിശ്വാസവും അനുഭവവും നമ്മെ ആകുലത ഇല്ലാത്തവരും സന്തോഷനിർഭരരും അക്കും. ദൈവരാജ്യത്തിന്റെ ഈ സന്തോഷവും സമാധാനവും നേരുന്നു.
ജോസഫ് പാണ്ടിയപ്പള്ളിൽ

Keine Kommentare:

Kommentar veröffentlichen