ഏലിയ സ്ലീവാ മോശക്കാലം: രണ്ടാം ഞായർ
മത്തായി 10:34-44
സമാധാനമല്ല വാൾ കൊണ്ടുവന്നിരിക്കുന്നു;
നിങ്ങളെ ഭിന്നിപ്പിക്കാൻ ഞാൻ വന്നിരിക്കുന്നു;
എന്നേക്കാൾ അധികമായി ആരെയും സ്നേഹിക്കരുത്;
സ്വന്തം ജീവൻ നഷ്ട്ടപ്പെടുത്തണം;
എന്നൊക്കെ സുവിശേഷങ്ങളിൽ കേൾക്കുമ്പോൾ ഇത് നാഥനായ ക്രിസ്തുവിന്റെ വാക്കുകൾ തന്നെയോ എന്ന് തോന്നിപ്പോകും.
വളരെ തീവ്രമായ ഒരു നിലപാടാണ് ഇവിടെ പ്രതിഫലിക്കുന്നത് എന്നും തോന്നാം.
സാധാരണക്കാർക്ക് അസാധ്യമായ തീവ്രമായ ഒരു ക്രിസ്താനുകരണം ആവശ്യപ്പെടുന്നതുപോലെ ഈ വാക്കുകൾ തോന്നിപ്പിക്കാം.
അപ്പസ്തോല പ്രവർത്തനങ്ങളിൽ നമ്മൾ വായിക്കുന്നതുപോലെ, പന്തക്കുസ്ത തിരുനാൾ മുതൽ സുവിശേഷം പ്രസംഗിച്ച അപ്പസ്തോലന്മാർ ഏതാണ്ട് ഈ വിധത്തിൽ തീവ്രമായി ക്രിസ്തുവിനെ അടുത്ത് അനുഗമിച്ചവരാണ്. വിശ്വാസത്തിനു വേണ്ടി രസക്തസാക്ഷിത്വം വരിച്ച നിരവധി രക്തസാക്ഷികളും തീവ്രമായ കൃസ്താനുകരണത്തിന്റെ മാതൃകകളാണ്. സമ്പത്തു മുഴുവനും ഉപേക്ഷിച്ച് ദരിദ്രർക്കുവേണ്ടി ജീവിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസും സ്നേഹത്തിന്റെ സഹോദരിമാർ എന്ന സമൂഹം സ്ഥാപിച്ചു ആരുമില്ലാത്തവരെ ശുസ്രൂഷിച്ച മദർ തെരേസയും രണ്ടാം ലോകമഹായുദ്ധകാലത്തു നാസി തടവറയിൽ കൊല്ലപ്പെട്ട വിശുദ്ധ മാക്സിമില്യൺ കോൾബെയും ദരിദ്രർക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ വെടിവച്ചു കൊല്ലപ്പെട്ട എല്സാവഡോറിലെ വിശുദ്ധ ഓസ്‌ക്കാർ റൊമേരോയും ഇപ്പറഞ്ഞപോലുള്ള തീവ്രമായ ക്രിസ്താനുകരണത്തിന്റെ നല്ല മാതൃകകളാണ്.
എന്നാൽ ഇപ്പറഞ്ഞ മാതൃകകളും ഇന്നത്തെ സുവിശേഷത്തിലെ പ്രസ്താവനകളുമെല്ലാം ഒറ്റക്കാര്യമാണ് സൂചിപ്പിക്കുന്നത്.
ക്രൈസ്തവമായ മൂല്യബോധം: അതായത് ദൈവത്തിനും ദൈവിക കാര്യങ്ങൾക്കും മറ്റെല്ലാത്തിനേക്കാളും പ്രാധാന്യം നാൽകാനും ദൈവവിശ്വാസത്തിന്റെ പേരിൽ ആവശ്യമായാൽ മറ്റെല്ലാം ഉപേക്ഷിക്കാനുമുള്ള സന്നദ്ധതയാണ് ക്രൈസ്തവമായ മൂല്യം. ഓരോ ക്രിസ്ത്യാനിയിൽ നിന്നും ക്രിസ്തു അത് ആവശ്യപ്പെടുന്നു.
എല്ലാറ്റിലുമുപരി ദൈവത്തെ സ്നേഹിക്കുക എന്ന കല്പ നയുടെ വിശദീകരണമായി ഇന്നത്തെ സുവിശേഷത്തിന്റെ ആദ്യഭാഗത്ത് ശ്രവിച്ച ഈ പ്രസ്താവനകളെ നമുക്ക് മനസിലാക്കാം.
പഴയനിയമത്തിൽ യഹൂദർക്ക് നൽകപ്പെട്ട എല്ലാറ്റിലുമുപരി ദൈവത്തെ സ്‌നേഹിക്കണം എന്ന കൽപ്പന അന്നും ഇന്നും എന്നും ഒരുപോലെ പ്രസക്തമാണ്.
സ്വന്തം കുരിശെടുത്ത് ക്രിസ്തുവിനെ അനുഗമിക്കണം എന്ന് പറയുമ്പോൾ ഓരോരുത്തനും അവനവന്റെ വഴികളി ലൂടെയും സാഹചര്യങ്ങളിലൂടെയും ദൈവത്തിന് പ്രഥമസ്ഥാനം നൽകണം എന്നാണർത്ഥം.
തീവ്രമായ ക്രിസ്താനുഗമനം ഇന്ന് സാധിതമാകുന്നത് ജീവൻ ത്യജിച്ചോ സ്വത്തുക്കൾ മുഴുവനും ഉപേക്ഷിച്ചോ ആകണമെന്നില്ല. നിരന്തരമായും സ്ഥിരതയോടെയും ദൈവികവഴികളിലൂടെ സഞ്ചരിക്കുമ്പോൾ തീവ്രമായ ക്രിസ്താനുഗമനം ഇന്ന് സാധ്യമാകും.
ജീവൻ ത്യജിക്കുന്നതുപോലെ ത്യാഗനിർഭരമാണ് ലക്ഷ്യബോധത്തോടെയും സ്ഥിരോത്സാഹത്തോടെയും കർമബദ്ധതയോടെയും സമർപ്പണബുദ്ധിയോടെയും ജീവിക്കുന്നത്. ക്രിസ്തുവിനു വേണ്ടി ജീവിക്കുന്നവരെയാണ് ക്രിസ്തുവിനു വേണ്ടി മരിക്കുന്നവരെക്കാൾ ആവശ്യം. അത്തരക്കാർ ജീവിച്ചിരിക്കുന്നിടത്തോളം കാലം ദൈവികമൂല്യങ്ങൾ അവരിലൂടെ പ്രതിഫലിപ്പിക്കും.
ഇന്നത്തെ സുവിശേഷത്തിന്റെ രണ്ടാമത്തെ ഭാഗത്ത് ഈ ചെറിയവരിൽ ഒരുവന് ഒരുപാത്രം വെള്ളമെങ്കിക്കും കൊടുക്കുന്നവന് പ്രതിഫലം ലഭിക്കാതിരിക്കില്ല എന്ന വാഗ്ദാനം നമ്മൾ ശ്രവിച്ചു. "നിന്നെ പ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക" എന്ന കല്പനയുടെ വിശദീകരണമായി ഇതിനെ മനസിലാക്കാം. പ്രവാചകനെ സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും എന്ന് പറയുമ്പോൾ നമ്മുടെ പ്രവൃത്തികൾക്കും മനോഭാവത്തിനും അനുസരിച്ചു നമ്മൾ നീതീകരിക്കപ്പെടുമെന്നും അർത്ഥം.
ദരിദ്രരെയും ദുർബലരെയും സഹായിക്കാനും സംരക്ഷിക്കാനും നമുക്ക് ബാദ്ധ്യത ഉണ്ട്. പലരും ചെറിയൊരു സഹായം ലഭിച്ചാൽ അതുവഴി സ്വയം പര്യാപ്തമാകും.
സാമ്പത്തികമായ ദരിദ്ര്യരെ മാത്രമല്ല ഇവിടെ ചെറിയവർ എന്നതുകൊണ്ട് മനസിലാക്കേണ്ടത്. വിശ്വാസത്തിന്റെ പേരിലും നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും ജന്മനാടിന്റെ പേരിലും അവഗണിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യർ ഈ ലോകത്തുണ്ട്. അവരും ചെറിയവരുടെ ഗണത്തിൽ പെടും. അവർക്കു സഹായമാകാനുള്ള ദൗത്യവും ക്രൈസ്തവർക്കുണ്ട്.
അതായത് ഇന്നത്തെ സുവിശേഷത്തിന്റെ
ഒന്നാം ഭാഗത്ത് വായിക്കുന്ന നിദേശങ്ങളുടെ ലക്‌ഷ്യം ദൈവത്തെ സ്നേഹിക്കാൻ പ്രേരിപ്പിക്കുകയാണ്. അന്നത്തെ മനുഷ്യരെ ബോധ്യപ്പെടുത്താനുതകുന്ന ഭാഷാപ്രയോഗവും ശൈലിയും അവിടെ പ്രകടമായി എന്നുമാത്രം. രണ്ടാം ഭാഗത്ത് പരസ്നേഹമാണ് വിഷയം. ഓരോരുത്തരും അവരവരുടെ സാഹചര്യങ്ങളിൽ ദൈവ സ്നേഹവും പരസ്‌നേഹവും അഭ്യസിക്കണമെന്ന സന്ദേശമാണ് ഇന്നത്തെ സുവിശേഷം നൽകുന്നത്.
ജോസഫ് പാണ്ടിയപ്പള്ളിൽ
Keine Kommentare:
Kommentar veröffentlichen