Dieses Blog durchsuchen

Sonntag, 31. Juli 2022

Kaithakkalam second Sunday


 "ഇവിടെ റേഞ്ചില്ല!"

കൈത്താക്കാലം രണ്ടാം ഞായർ:
സിറോ മലബാർ
ജോഹന്നാൻ 15:1-8
പ്രിയപ്പെട്ട ദൈവജനമേ!
നീ ആരാണ് എന്ന് ആരെങ്കിലും ചോദിച്ചാൽ നമുക്കൊക്കെ നമ്മെക്കുറിച്ചു ഒരു ധാരണയും ഉത്തരവും ഉണ്ടാകും. അതുപോലെ നമ്മെക്കുറിച്ചു നമുക്ക് ചുറ്റുപാടുമുള്ള മനുഷ്യരും ഒരു ധാരണയും അഭിപ്രായവും രൂപീകരിച്ചിട്ടുണ്ടാകും. പലപ്പോഴും നമ്മെക്കുറിച്ച് നമുക്കുള്ള ധാരണ ആകണമെന്നില്ല നമ്മെക്കുറിച്ച് മറ്റുള്ളവർക്കുള്ള ധാരണ. നമുക്ക് നമ്മെക്കുറിച്ചുള്ള ധാരണയും മറ്റുള്ളവർക്ക് നമ്മേക്കുറിച്ചുള്ള ധാരണയും തമ്മിൽ എത്രമാത്രം പൊരുത്തം ഉണ്ടാകുന്നുവോ അത്രമാത്രം നമ്മൾ സമൂഹത്തിൽ സ്വീകാര്യരാകും; ജീവിതം മനോഹരവും സന്തോഷനിർഭരവും വിജയകരവും ആകും.
ക്രിസ്തുവിന് ക്രിസ്തുവിൻനെക്കുറിച്ചുള്ള ധാരണയും നമുക്ക് ക്രിസ്തുവിനെക്കുറിച്ചുള്ള ധാരണയും വളരെ പൊരുത്തപ്പെട്ടു. അതുകൊണ്ടു ക്രിസ്തു എന്നും കൂടുതൽ സ്വീകാര്യത പ്രാപിച്ചുകൊണ്ടിരിക്കുന്നു.
ഇന്നത്തെ സുവിശേഷമായ ജോഹന്നാൻ അദ്ധ്യായം 15, 1 മുതൽ 8 വരെയുള്ള വാക്യങ്ങളിലൂടെ ഈശോ തന്നെ ക്കുറിച്ചുള്ള ധാരണ വ്യക്തമാക്കുകയും പങ്കുവക്കുകയുമാണ്.
ഈശോ പറയുന്നു: "ഞാൻ മുന്തിരിചെടിയാണ്". ആലങ്കാരികവും പ്രതീകാൽമകവുമായ ഒരു പ്രസ്താവനയാണിത്. അതായത്‌ ഈശോയാണ് യഥാർത്ഥ മുന്തിരിവള്ളി. നമ്മളൊക്കെ തായ്ത്തണ്ടിനോട് ചേർന്നുനിൽക്കുന്ന ശാഖകളാണ്. ഫലം പുറപ്പെടുവിക്കുവാൻ തായ്തണ്ടാകുന്ന ക്രിസ്തുവിനോട് ചേർന്നുനിൽക്കണം.
ക്രിസ്തു താൻ ആരാണെന്നു തന്നെക്കുറിച്ചു പറയുന്ന ഇതുപോലുള്ള ഏഴ് വാക്യങ്ങളുണ്ട് വി. ജോഹന്നാന്റെ സുവിശേഷത്തിൽ. ഈ ഏഴു വാചകങ്ങളും പരിശോധിച്ചാൽ നമുക്ക് ബോധ്യപ്പെടും കിസ്തു തന്നെക്കുറിച്ചു പറയുന്നവ തന്നെയാണ് നമ്മൾ ക്രിസ്തുവിനെക്കുറിച്ച് പറയുകയും വിശ്വസിക്കുകയും ചെയ്യുന്നതും. കാരണം പല സന്ദർഭങ്ങളിൽ നമ്മൾ ക്രിസ്തുവിൽ ദർശിച്ചതും അനുഭവിച്ചതുമായ കാര്യങ്ങളാണ് ക്രിസ്തു ഈ ഏഴു വാക്യങ്ങളിലൂടെ പ്രഖ്യാപിക്കുന്നത്.
ഈ ഏഴു വാക്യങ്ങളും "ഞാൻ ആകുന്നു" എന്ന് ഈശോ പ്രഖ്യാപിക്കുന്ന വാക്യങ്ങളാണ്: "ഞാൻ ജീവന്റെ അപ്പമാകുന്നു" (Jn.6:35). "ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു" (8:12). "ഞാൻ വാതിൽ ആകുന്നു" (Jn 10:7,9). "ഞാൻ നല്ല ഇടയനാകുന്നു" (Jn .10:11,14). "ഞാൻ പുനരുദ്ധാനവും ജീവനും ആകുന്നു" (Jn .11:25). "ഞാൻ വഴിയും സത്യവും ജീവനും ആകുന്നു" (Jn.14:6). ഏഴാമത്തേതായി നമ്മൾ ഇന്ന് ശ്രവിച്ച വചനവും: " ഞാൻ മുന്തിരിചെടി ആകുന്നു" (Jn.15:1).
അപ്പം, പ്രകാശം, വാതിൽ, ഇടയൻ, വഴി, മുന്തിരിവള്ളി, ജീവൻ, ഉത്ഥാനം, സത്യം തുടങ്ങിയ പദങ്ങളാണ് ഈശോ തന്നെക്കുറിച്ചു പറയാൻ ഉപയോഗിക്കുന്നത്. ഇതെല്ലം നമുക്ക് പരിചിതങ്ങളായ ബിംബങ്ങളാണ്. ഇതെല്ലം അനുദിനം നമുക്കാവശ്യമുള്ളവയും ആണ്. അപ്പം അഥവാ ഭക്ഷണം ഇല്ലെങ്കിൽ ജീവൻ നിലനിർത്താനാകില്ല. പ്രകാശം നഷ്ടപ്പെട്ടാൽ ജീവൻ ഇല്ലാതാകും. വാതിൽ ഇല്ലെങ്കിലോ തുറന്നു കിടന്നില്ലെങ്കിലോ അകത്തു പ്രവേശിക്കാനാകില്ല. വഴിയില്ലെങ്കിൽ വഴിമുട്ടും. ഉത്ഥാനം പ്രതീക്ഷയാണ്. ഇവ അനുദിനജീവിതത്തിൽ നമുക്ക് ഒഴിവാക്കാനാകാത്തപോലെ ഈശോയുടെ വചനവും സാന്നിദ്ധ്യവും അവിടുത്തെ കൂദാശകളും നമുക്ക് എന്നും ഇപ്പോഴും ആവശ്യമാണ്. താൻ ജീവനാണെന്ന് ഈശോ പറയുമ്പോൾ നമുക്ക് നമ്മുടെ ജീവനു തുല്യമാണ് ഈശോ എന്നർത്ഥം. ക്രിസ്തുവാണ് നമുക്ക് സത്യം.
ഈ ഏഴോ എട്ടോ പദങ്ങളിലൂടെ ഈശോ താൻ ആരെന്നു വിശദീകരിക്കുകയും താൻ ആരെന്ന് വെളിപ്പെടുത്തുകയുമാണ്. തന്റെ ദൗത്യം എന്തെന്നും അതിലൂടെ ഈശോ വ്യക്തമാക്കുന്നു. ഈശോയുടെ ഈ ഏഴ് "ഞാൻ ആകുന്നു" എന്ന പ്രഖ്യാപനത്തിലൂടെ ഈശോക്ക് പിതാവിനോടുള്ള ബന്ധവും ഈശോക്ക് മനുഷ്യരോടുള്ള ബന്ധവും വെളിപ്പെടുന്നുണ്ട്.
ഇന്ന് കുടുംബത്തിലും സമൂഹത്തിലും പലതരത്തിലുമുള്ള പൊരുത്തക്കേടുകൾ ഉണ്ട്. സ്വയം നമ്മെക്കുറിച്ച് കരുതുന്നതും മറ്റുള്ളവർ കരുതുന്നതും പൊരുത്തപ്പെടുന്നില്ല. ക്രൈസ്തവർക്ക് അവരെക്കുറിച്ചുള്ള ധാരണയും അക്രൈസ്തവരുടെ ക്രൈസ്തവരെക്കുറിച്ചുള്ള പൊതുബോധവും തമ്മിൽ ഒരുപാട് അന്തരവും പൊരുത്തക്കേടും ഉണ്ട്. പുരോഹിതർക്കും മെത്രാന്മാർക്കും അവരെക്കുറിച്ചുള്ള ധാരണയും മറ്റുള്ളവരുടെ അവരെക്കുറിച്ചുള്ള പൊതുബോധവും തമ്മിലും അന്തരവും പൊരുത്തക്കേടും ഉണ്ട്. ഇത്തരം അന്തരങ്ങൾ ഇല്ലാതാകുമ്പോഴാണ് സ്വീകാര്യത ഉണ്ടാകുന്നത്.
ഈശോയുടെ കാര്യത്തിൽ ഈ പൊരുത്തക്കേട് വളരെ കുറവായിരുന്നു.
എക്കാലത്തും ഈശോ പ്രതീകങ്ങളിലൂടെയും ഉപമകളിലൂടേയുമാണ് സംസാരിച്ചത്. ഇന്നത്തെ സുവിശേഷത്തിൽ ഈശോ "മുന്തിരിവള്ളിയും ശാഖകളും" എന്ന ബിംബം തന്നെത്തന്നെ വെളിപ്പെടുത്താനായി ഉപയോഗിക്കുന്നു.
മുന്തി വിളയുന്ന നാട്ടിലാണ് ഈശോ ജീവിച്ചത്. മുന്തിരിവള്ളിയും ശാഖകളും തമ്മിലുള്ള ബന്ധവും മുന്തിരിച്ചാറിന്റെ രുചിയുമെല്ലാം അവർക്കു പരിചിതമായിരുന്നു. അതുകൊണ്ടു മുന്തിരി വള്ളിയും ശാഖകളും മാതൃകകളായി എടുക്കുമ്പോൾ അതുവഴി ഈശോ എന്താണ് ഉദ്ദേശിച്ചതെന്ന് ഈശോയുടെ നാട്ടുകാർക്ക് കൃത്യമായി മനസിലാകുമായിരുന്നു.
ഈശോ മുന്തിരിചെടിയാണെന്നും ശിഷ്യർ ശാഖകളാണെന്നും പറയുമ്പോൾ തന്റെ ശിഷ്യർ തമ്മിൽ നല്ലൊരു network ഉണ്ടായിരിക്കണമെന്നാണ് ഈശോ ഉദേശിച്ചത്‌. മുന്തിരിയുടെ തായ്ത്തണ്ടും ശാഖകളും തമ്മിലും ശാഖകൾ തമ്മിൽ തമ്മിലും ഉള്ള ബന്ധം അഥവാ network- ഉണ്ടാകാൻ ആവശ്യമായ "റേഞ്ച്" ആണ് ക്രിസ്തു. "റേഞ്ച്" ആഴമുള്ളതും ശക്തവും തീവ്രവും വ്യക്തവും കൃത്യവും ആകണം. "റേഞ്ച്" നഷ്ടപ്പെട്ടാൽ "നെറ്റ്‌വർക്ക്@ അഥവാ connection നഷ്ടപ്പെടും. നമ്മുടെ network -ൽ തായ്തണ്ടായ ക്രിസ്തുവാണ് അടിസ്ഥാനം. പിതാവാണ് കർഷകൻ എന്ന് പറയുമ്പോൾ പിതാവായ ദൈവത്തോടുള്ള ബന്ധവും ക്രിസ്തു വെളിപ്പെടുത്തുന്നു. ശാഖകളായ നമ്മൾ പിതാവിനോടും ഈശോയോടും ചേർന്ന് നിൽക്കണം എന്നർത്ഥം.
അവരാകുന്ന "റേഞ്ച്" നിലനിർത്തി "network"
നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.
"എന്നിൽ വസിക്കുക, ഞാൻ നിങ്ങളിലും വസിക്കും" എന്ന ഈശോ പറയുമ്പോൾ നമ്മളും ഈശോയും തമ്മിൽ വളരെ ആഴമായ വ്യക്തിബന്ധം സാധ്യമാണെന്നാണ് അർത്ഥമാക്കുന്നത്.
മുന്തിരിച്ചെടിയിൽ നല്ല വിളവ് കിട്ടണമെങ്കിൽ ശാഖകൾ നന്നായി പരിചരിക്കണം. പരിചരണം എന്ന് പറയുന്നത് ഒരു ശുദ്ധീകരണവും മരുന്ന് തളിക്കലും വളമിടലും ഒക്കെയാണ്. സമയാസമയങ്ങളിൽ വെട്ടിനിർത്തുക (വെട്ടി നിരത്തുകയല്ല) അതിലൊരു ഘടകമാണ്. അതായത് നല്ല ഫലം പുറപ്പെടുവിക്കാൻ ദൈവം നമ്മെ വെട്ടിയൊരുക്കുന്നതിനും പരിപാലിക്കുന്നതിനും സ്വയം വിട്ടുകൊടുക്കണം. നമ്മുടെ ജീവിതത്തിലും നമ്മുടെ ചരിത്രത്തിലും ദൈവം കടന്നു വരികയും ഇടപെടുകയും ചെയ്യും; നമ്മെ ശുദ്ധീകരിക്കാനും ക്രമപ്പെടുത്താനും.
ഈശോ തന്നെക്കുറിച്ചു പറയുന്ന "ഞാൻ മുന്തിരിച്ചെടിയാണ്"; "നിങ്ങൾ ശാഖകളാണ്"; "കർഷകൻ പിതാവാണ്" എന്നീ പ്രസ്താവനകൾ ഇന്നത്തെ സുവിശേഷത്തിന്റെ പ്രധാന വചനമായി നമുക്ക് സ്വീകരിക്കാം. നല്ലൊരു നെറ്റ്‌വർക്ക് ഇവർക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചാൽ നമുക്ക് ജീവിതം സന്തോഷകരമാകും. ഒരിക്കലും "റേഞ്ച്" നഷ്ടപ്പെടരുത്. അതിനായി നമുക്ക് പരിശ്രമിക്കാം.
ജോസഫ് പാണ്ടിയപ്പള്ളിൽ

Keine Kommentare:

Kommentar veröffentlichen