മംഗളവാർത്തക്കാലം: ഒന്നാം ഞായർ
ലൂക്കാ 1:5-25മംഗളവാർത്തകാലം ഒരുക്കത്തിന്റെയും കാത്തിരിപ്പിന്റെയും കാലമാണ്. ക്രിസ്തുവിന്റെ ജനനതിരുനാൾ ഘോഷിക്കാനുള്ള ഒരുക്കവും കാത്തിരിപ്പും ആണിത്. യഹൂദർ അനേക വർഷങ്ങൾ മിശിഹായുടെ അഥവാ രക്ഷകന്റെ വരവിനായി കാത്തിരുന്നപോലെ ഇരുപത്തിയഞ്ചു ദിവസങ്ങൾ പ്രത്യേക പ്രാർത്ഥനയോടും ഒരുക്കത്തോടും കൂടി ക്രൈസ്തവർ മംഗളവാർത്താക്കാലത്ത് ക്രിസ്തുമസിന് ഒരുങ്ങുകയും സന്തോഷത്തോടും പ്രതീക്ഷയോടുംകൂടി രക്ഷകനെ കാത്തിരിക്കുകയും ചെയ്യുന്നു.
ക്രിസ്തുവിന്റെ ജനനത്തിരുനാൾ ആഘോഷിക്കാനുമുള്ള ഈ ഒരുക്കത്തിന്റെ 25 ദിവസങ്ങളെ 25 നോമ്പായി നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും കാലമായി ക്രൈസ്തവർ പരമ്പരാഗതമായി ആചരിക്കുന്നു.
ആല്മീയ ഒരുക്കമായാണ് പലരും ഉപവസിക്കുക. ചിലർ അതൊരു ത്യാഗമായി കരുതുന്നു. എല്ലാ ദിവസവും മേശപ്പുറത്തു ഭക്ഷണം കിട്ടുന്നവന് ഒരു ദിവസം അതുപേക്ഷിക്കുന്നതു ത്യാഗം തന്നെയാണ്. ഈ ത്യാഗം സഹിക്കുന്നവരെ ആദരിക്കുന്നു. എന്നാൽ എല്ലാ ദിവസവും വയറു നിറച്ചു ഭക്ഷണം കിട്ടാത്തവർക്ക് എന്തുപവാസം? അവർക്ക് എന്നും ഉപവാസമല്ലേ? അപ്പോൾ ഒരു നേരം അവരെ വിഭവസമൃദ്ധമായ ഭക്ഷണം നൽകി ആദരിക്കുന്നതും പുണ്യം തന്നെ.
അതുപോലെതന്നെയാണ് പലർക്കും നല്ല ഭക്ഷണം പാകം ചെയ്തു കഴിക്കാൻ നേരമില്ലാത്തതുമൂലം പലപ്പോഴും നല്ല ഭക്ഷണം കഴിക്കാൻ സാധിക്കാതിരിക്കുന്ന അവസ്ഥ. മാത്രമല്ല പണത്തിന്റെ കുറവുകൊണ്ടു എത്രയോ ദിവസങ്ങൾ നല്ലതും ഇഷ്ടപ്പെട്ടതുമായ ഭക്ഷണം ഉപേക്ഷിക്കുന്നവരുണ്ട്. ഒറ്റക്ക് താമസിക്കുന്നവരിൽ ഭക്ഷണപാചകത്തിന് ആളെ വെക്കാനുള്ള സാമ്പത്തികഭദ്രത ഇല്ലാത്തതുമൂലം സ്വയം പാകം ചെയ്യാൻ തുനിയുന്നതും അതിന് സമയം കണ്ടെത്താനാകാത്തതുമൂലം പലപ്പോഴും നല്ല ഭക്ഷണം ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ അവർക്കും ഉപവാസം ഒരു ദിവസം ഭക്ഷണം ഉപേക്ഷിക്കുക എന്നതിലുപരി വ്യത്യസ്തമായ ഒരു തലമാണ്.
അതുകൊണ്ടു പലർക്കും പല കാരണങ്ങളാൽ പലപ്പോഴും ഉപവാസമാണ്. ചിലർക്ക് ദുർമേദസ് കുറക്കാൻ ഉപവാസം നല്ലതാണ്. ദുർമേദസ് ഇല്ലാത്തവരും മിതമായി മാത്രം ഭക്ഷണം കഴിക്കുന്നവരും ഒരു ദിവസം ഭക്ഷണം കുറച്ചാൽ രക്തസമ്മർദ്ധം കുറഞ്ഞുപോകുന്നവരും ഒരുപക്ഷെ ഉപവസിക്കാതിരിക്കുന്നതാണ് പുണ്യം.
അങ്ങനെ ചിന്തിക്കുമ്പോൾ ഉപവാസം പുണ്യമായോ ത്യാഗമായോ കാണുന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ചിലർ അതിനു പുണ്യത്തിന്റെ പരിവേഷം കൊടുക്കുന്നു. എന്നാൽ യഥാർത്ഥ ഉപവാസം വ്യത്യസ്തമാണ്.
ഉപവാസം ഉപ-വസിക്കലാണ്; അതായത് അടുത്തു വാസിക്കൽ. ദൈവത്തിനടുത്ത് വസിക്കാം എന്ന ചിന്തയിൽ പ്രാർത്ഥനയിലും വായനയിലും ധ്യാനത്തിലും സമയം ചിലവഴിക്കൽ ആണിത്. മനസിന്റെയും ശരീരത്തിന്റെയും ശക്തി വളർത്താൻവേണ്ടിയുള്ള ചില വർജിക്കലാണിത്. ശ്രദ്ധ ദൈവത്തിലും സഹോദരങ്ങളിലും ക്രിയാത്‌മകമായി കേന്ദ്രീകരിച്ച് തനിക്കും മറ്റുള്ളവർക്കും നന്മയുടെ ഫലങ്ങൾ പുറപ്പെടുവിക്കാനുള്ള പരിശ്രമം ആണിത്.
ദൈവത്തിനടുത്ത്, ദൈവത്തോടൊത്ത് വസിക്കുന്നതിന് ശ്രദ്ധിക്കുമ്പോൾ സഹോദരങ്ങൾക്ക്, സഹമനുഷ്യർക്ക് അടുത്ത് വസിക്കാനാകണം. അവരുടെ ശരിയും തെറ്റും വിധിക്കാൻ നമ്മൾ തുനിയില്ല. നമുക്ക് സഹോദരങ്ങളുടെ അടുത്തു വസിക്കാൻ എളുപ്പമാണോ എന്ന് ആൽമപരിശോധന ചെയ്യാനുള്ള നാളുകൾ കൂടി ആണിത്. സഹോദരങ്ങളുടെ അടുത്തു ഹൃദയം തുറക്കാനും അവരോടൊത്ത് ആയിരിക്കുവാനും
ഉപവാസം ഉപകരിച്ചാൽ അത് തന്നെ യഥാർത്ഥ ഉപവാസം. ഇന്ന് നമുക്ക് ഏറ്റം ആവശ്യമുള്ളതും അതുതന്നെ!
ഈ ഒരുക്കത്തിന്റെയും കാത്തിരിപ്പിന്റെയും ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും നാളുകൾ തുടങ്ങുന്ന മംഗളവാർത്തക്കാലത്തെ ആദ്യ ഞായറാഴ്ച്ച സിറോ മലബാർ സഭയിൽ വായിക്കുന്നത് വി. ലൂക്കായുടെ സുവിശേഷത്തിൽനിന്നും സ്നാപക യോഹന്നാന്റെ ജനന വാർത്തയാണ്. ഈശോയുടെ വരവറിയിച്ചു ജനത്തെ ഒരുക്കിയ സ്നാപകയോഹന്നാന്റെ ജനനം അറിയിക്കുന്നതും ഗബ്രിയേൽ ദൈവവദൂതനാണ്. ദൈവദൂതന്റെ വാക്കുകൾ വിശ്വസിക്കാതിരുന്ന സക്കറിയ യോഹന്നാൻ ജനിക്കുന്നതുവരെ സംസാരശേഷി ഇല്ലാത്തവൻ ആയിരിക്കുമെന്നൊരു അടയാളവും ദൈവദൂതൻ നൽകി.
ഈശോയുടെ ജനനം പരിശുദ്ധ മറിയത്തെ ഗബ്രിയേൽ ദൈവദൂതൻ അറിയിച്ചപ്പോൾ "ഇതാ കർത്താവിന്റെ ദാസി" എന്ന് പറഞ്ഞു മറിയം ഉടനെ ദൈവവത്തിൽ വിശ്വസിച്ചു. ഈശോയുടെ ജനനം ആട്ടിടയന്മാർ ദൈവവദൂതൻ അറിയിച്ചപ്പോൾ അവരും ഉടനെ ദൈവവദൂതന്റെ വാക്കുകളിൽ വിശ്വസിച്ചു ഈശോയെ കാണാൻ ഇറങ്ങി പുറപ്പെട്ടു. എന്നാൽ സക്കറിയ വ്യത്യസ്തനായിരുന്നു. ദൈവം ദാനമായി നൽകിയ തന്റെ ബുദ്ധിയിലും അറിവിലും ഒതുങ്ങാത്ത കാര്യങ്ങൾ കണ്ണുമടച്ചങ്ങ് വിശ്വസിക്കാൻ സക്കറിയ തയാറല്ല. മാലാഖായുടെ വാക്കുകൾ വിശ്വസിക്കാൻ ഒരു കാരണവും അദ്ദേഹം കണ്ടില്ല. പിതാവായ അബ്രാഹവും അതുപോലേ ആയിരുന്നു. വാർദ്ധക്യത്തിൽ തനിക്കൊരു മകൻ ജനിക്കുമെന്നു കേട്ടപ്പോൾ അബ്രാഹവും നിലത്ത് കമഴ്‌ന്നു കിടന്ന് ദൂതന്റെ അറിവില്ലായ്മ ഓർത്ത് ഊറി ചിരിച്ചു (ഉല്പത്തി 17:17). എന്നാല്‍ അബ്രാഹത്തിനും സക്കറിയക്കും ഏറ്റുപറയേണ്ടി വന്നു, തങ്ങളുടെ അറിവിനും ബുദ്ധിവൈഭവത്തിനും പ്രാപ്ത്തിക്കും അതീതമാണ് ദൈവത്തിന്റെ പ്രവൃത്തികളെന്ന്. വേറെ വാക്കുകളിൽ പറഞ്ഞാൽ ദൈവത്തിന്റെ വഴികളും പ്രകൃതിയുടെ നിയമങ്ങളും പൂർണ്ണമായി നമ്മുടെ ബുദ്ധിയിൽ ഒതുങ്ങില്ലെന്ന അറിവ് പരിശുദ്ധ മറിയത്തിന് ഉണ്ടായിരുന്നു. എന്നാൽ പിതാവായ അബ്രാഹവും സക്കറിയയും വളരെ വൈകിയും അടയാളങ്ങളിലൂടെയും മാത്രമാണ് ഈ ബോദ്ധ്യത്തിലേക്ക് വന്നത്.
ഈ രണ്ടുതരം മനുഷ്യരും ദൈവത്തിന് പ്രിയപ്പെട്ടവരാണെന്ന് രക്ഷാകര ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഇന്ന് നമുക്കിടയിലും "ഇതാ കർത്താവിന്റെ ദാസി" എന്ന് പറയുന്ന മേരിമാരും അവിശ്വസിക്കുന്ന സക്കറിയാമാരും അബ്രാഹവും ഒക്കെയുണ്ട്. ദൈവം വ്യത്യസ്തരായ ഈ മനുഷ്യരെ മഹത്തായ ദൗത്യം നൽകി എക്കാലത്തേക്കും പ്രസക്തരാക്കിയതുപോലെ നമുക്കും വ്യത്യസ്തരായ മനുഷ്യരെ തുല്യരും പ്രസക്തരും ആയി കണാൻ മംഗളവാർത്തകാലം സഹായിക്കട്ടെ എന്നാശംസിക്കുന്നു.
ജോസഫ് പാണ്ടിയപ്പള്ളിൽ MCBS