ഹാഗിയാ സോഫിയായും മതസഹൃദവും
1. പശ്ചാത്തലം
ചാണ്ടി ഉമ്മന്റെ പ്രസംഗവും കെസിബിസി -യുടെ പ്രതികരണവും! ഫെബ്രുവരി 1 മുതൽ 7 വരെ UN ആചരിക്കുന്ന മത-സൗഹാർദ്ദ-വാരം! "ഹാഗിയ സോഫിയ" വിഷയത്തിൽ ചന്ദ്രികയിലെ ലേഖനം! ക്രൈസ്തവർക്കിടയിൽ അതുണ്ടാക്കിയ പ്രതിഷേധം! ഹഗ്ഗിയ സോഫിയ ക്രൈസ്തവരിൽനിന്നും കാശു കൊടുത്തു വാങ്ങിയതാണെന്ന പ്രചരണം! ഹഗ്ഗിയ സോഫിയയിലെയും കൊറയിലെയും പുതിയ സംഭവവികാസങ്ങൾ! തീവ്രവാദത്തിനു തീവ്രവാദം തന്നെ മരുന്നെന്ന ചിലരുടെ ചിന്ത! ഹഗ്ഗിയ സോഫിയയുടെ പേരിൽ ചില രാഷ്ട്രീയപാർട്ടികൾക്കുവേണ്ടി തീവ്രനിലപാടെടുക്കുന്നവർ! അതിനിടയിൽ ലൗ ജിഹാദും ഹലാലും! ഇതിനിടയിൽ ക്രൈസ്തവ മുല്യങ്ങങ്ങൾ കൈവിടരുതെന്ന് ഓർമിപ്പിക്കുന്ന ഏതാനും ക്രൈസ്തവവിശ്വാസികൾ! എല്ലാറ്റിലുമുപരി മതസൗഹാർദ്ദവും മനുഷ്യബന്ധങ്ങളും നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന വിവേകമതികളായ പൗരഗണം!
2. ഞാൻ കണ്ട ഹഗ്ഗിയ സോഫിയ
2010 -ലാണ് ഞാൻ ഇസ്താംബുൾ സന്ദർശിക്കുന്നത്. അന്ന് ദിവസവും ഒന്നിലധികം പ്രാവശ്യം ഞാൻ ഹാഗിയാ സോഫിയ (അയ സോഫിയ) സന്ദർശിച്ചു. രാവിലെയും വൈകിട്ടുമുള്ള സൂര്യപ്രകാശത്തിലും രാത്രിയിലെ വൈദ്ധ്യുതിപ്രകാശശോഭയിലും ഈ ദേവാലയം മനോഹരമായി കാണപ്പെട്ടു. അതൊരു ഹൃദ്യമായ അനുഭവമായിരുന്നു.
എല്ലാവരുടെയും പൊതുപൈതൃകമാണ് ഹാഗിയാ സോഫിയ എന്നൊരനുഭൂതി അന്നെനിക്ക് കിട്ടി. കാരണം ഭൂരിപക്ഷം മുസ്ലിം വിശ്വാസികൾ താമസിക്കുന്ന ഇസ്താംബുൾ നഗരത്തിലെ (832 ലക്ഷം ജനങ്ങളുള്ള തുർക്കിയിൽ ഇന്ന് വെറും ഒരു ലക്ഷം ക്രിസ്ത്യാനികൾ മാത്രം) പ്രധാന ആകർഷകമായിരുന്നു മനോഹരമായ ഈ ക്രൈസ്തവദേവാലയം, ഹഗ്ഗിയ സോഫിയ.
ആയിരത്തിഅഞ്ഞൂറു വർഷത്തെ പഴക്കമുണ്ട് ഹഗ്ഗിയ സോഫിയക്ക്. ക്രൈസ്തവരുടെ അതിപുരാതനമായ ആദ്ധ്യാത്മിക കേന്ദ്രമായിരുന്നു ഇസ്താംബുൾ. 2010 -ൽ ഹഗ്ഗിയ സോഫിയ സന്ദർശിക്കുബോൾ ഹഗ്ഗിയ സോഫിയ വീണ്ടും മോസ്ക്കായി മാറുമെന്ന് ചിന്തിക്കാനാകുമായിരുന്നില്ല. കാരണം എല്ലാ രാജ്യക്കാരോടും മതവിശ്വാസികളോടും ഹൃദ്യമായ സഹൃദം പ്രകടമാക്കിയ മനുഷ്യരെയാണ് അന്നവിടെ പരിചയപ്പെടാനായത്.
ഹഗ്ഗിയ സോഫിയ മാത്രമല്ല ഇസ്താംബുളിന്റെ ആകർഷകങ്ങൾ. ഹഗ്ഗിയ സോഫിയയിൽ നിന്നും 900 - മീറ്റർ മാത്രം അകലെ സ്ഥിതിചെയ്യുന്ന നീലമോസ്കും സെന്റ് ജോർജ് കത്തീഡ്രലും പുരാതന നഗരവും പുരാതന മാർക്കറ്റും ഏഷ്യയെയും യുറോപ്പിനെയും ബന്ധിപ്പിക്കുന്ന പാലവും കടൽത്തീരവും മനോഹരമായ പ്രകൃതി ദൃശ്യവും നമ്മെ വിസ്മയിപ്പിക്കുന്ന ഇസ്താംബുളിലെ മനോഹരകാഴ്ചകളാണ്.
3 . കോൺസ്റ്റാന്റിനോപ്പിളിന്റെ പ്രാധാന്യം
ഏതാണ്ട് ആയിരത്തിഒരുനൂറിലധികം വർഷങ്ങൾ റോമാസാബ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇസ്താംബുൾ അഥവാ കോൺസ്റ്റാന്റിനോപ്പിൾ അഥവാ ബൈസന്റിനും. അന്ന് ക്രൈസ്തവമായിരുന്നു ഇസ്താംബുൾ. അതുകൊണ്ടു ക്രൈസ്തവർക്ക് ഇസ്തംബുളിനോട് വലിയൊരു ആൽമബന്ധമുണ്ട്. ഹാഗിയ സോഫിയ മോസ്കാക്കി മാറ്റുബോൾ ക്രൈസ്തവർക്ക് വേദനിക്കുന്നതിന്റെ കാരണം ഈ വൈകാരിക ബന്ധമാണ്.
ക്രിസ്തുവിനു മുൻപ് (ബി.സി.) 753 -ലാണ് റോമാ സാബ്രാജ്യം സ്ഥാപിക്കപ്പെടുന്നത്. ബി. സി. 509 -ൽ റോമാ റിപ്പബ്ലിക്കായി. ബി. സി. 27-ൽ അഗസ്റ്റസ് (യഥാർത്ഥ പേര് ഒക്ടാവിയൻ) ഏകീകൃത റോമിന്റെ ചക്രവർത്തിയായി ഭരണം തുടങ്ങി. അതോടെ അഗസ്റ്റസ് എന്ന പേര് റോമിന്റെ സർവാധിപനായ ചക്രവർത്തിയുടെ സ്ഥാനികനാമമായി. അതുവരെ ആഭ്യന്തര കലഹങ്ങളാൽ മുഖരിതമായിരുന്നു റോമാസാബ്രാജ്യം. അഗസ്റ്റസ് ഏകാധിപതിയായി ഭരിച്ചു (+എ.ഡി.14 ). എ.ഡി. 97 മുതൽ 117 വരെ ഭരിച്ച ട്രാജൻ ചക്രവർത്തിയുടെ കാലത്തായിരുന്നു റോമിന്റെ ഭൂപ്രദേശം ഏറ്റവും വിസ്തൃതമായത്.
എ.ഡി. 284-വരെ റോമാ ഒരു പരിധിവരെ ഏകീകൃതമായി തുടർന്നു (Pax Romana). ഇന്നത്തെ ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, ജർമനി, ഇറ്റലി, വടക്കേ ആഫ്രിക്കൻ രാജ്യങ്ങൾ, ഇന്നത്തെ ബാൽക്കൻ രാജ്യങ്ങൾ, ഇന്നത്തെ ഭൂരിപക്ഷം അറബിരാജ്യങ്ങൾ തുടങ്ങിയ ബൃഹത്തായ ഭൂപ്രകൃതിയും ഭൂപ്രദേശവുമുള്ള മഹാസാബ്രാജ്യമായിരുന്നു അന്നത്തെ റോമാസാബ്രാജ്യം.
എ .ഡി. 285-ൽ ഡയക്ളിഷ്യൻ തന്റെ സഹചക്രവർത്തിയായി മാക്സിമിയനെ റോമിൽ വാഴിച്ചു. തുടർന്ന് എ.ഡി. 293-ൽ ഡയക്ളിഷ്യൻ ചക്രവർത്തി രണ്ടു പ്രധാന ചക്രവർത്തിമാരും രണ്ടു സഹചക്രവർത്തിമാരുമായി ഭരണം പരിഷ്കരിക്കുന്നതോടെയാണ് പാശ്ചാത്യ റോമാസബ്രാജ്യമെന്നും പൗരസ്ത്യ റോമാസാബ്രാജ്യമെന്നുമുള്ള രണ്ടു ശക്തികേന്ദ്രങ്ങൾ ഉണ്ടാകുന്നത്. രണ്ടിനും സ്വതന്ത്രമായ പട്ടാളവും നീതിന്യായകോടതിയും സാഹചക്രവർത്തിമാർക്കുണ്ടായിരുന്നു. നാലു നഗരങ്ങളിൽനിന്നുമാണ് അവർ ഭരണം നടത്തിയിരുന്നത്.
ഡയക്ളിഷ്യൻ കോൺസ്റ്റാന്റിനോപ്പിളിൻ നിന്നും ഏതാണ്ട് 105 കിലോമീറ്റർ കിഴക്കുള്ള മെഡിറ്ററേനിയൻ കടൽത്തീരത്തു സ്ഥിതിചെയ്യുന്ന നികോമേഡിയയാണ് ഭരണതലസ്ഥാനമാക്കിയത്. മാക്സിമിയൻ ഇറ്റലിയുടെ വടക്കേ അറ്റത്തുള്ള നഗരമായ മിലാനും ഭരണതലസ്ഥാനമായി തിരഞ്ഞെടുത്തു. കുറേനാളുകൾ ജർമനിയിലെ ട്രിയറും മാക്സിമിയൻ തലസ്ഥാനമാക്കി. ക്രിസ്ത്യാനികളുടെ നേർക്കു അതിക്രൂരമായ പീഡനങ്ങളായിരുന്നു ഡയക്ളിഷ്യൻ അഴിച്ചുവിട്ടിരുന്നത്. അന്ന് കോൺസ്റ്റന്റൈൻ പട്ടാളത്തലവനായിരുന്നുവെങ്കിലും അദ്ദേഹം ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിനു കൂട്ടുനിന്നില്ല.
എ.ഡി. 305-ൽ രോഗകാരണങ്ങളാൽ ഡയക്ളിഷ്യൻ രാജിവക്കുബോൾ പാശ്ചാത്യ റോമാചക്രവർത്തിയായ മാക്സിമിയനും രാജിവച്ചു. കോൺസ്റ്റന്റൈൻ പൗരസ്ത്യ റോമിന്റെ ചക്രവർത്തിയാകുമെന്നു അദ്ദേഹവും മറ്റു പലരും കരുതിയിരുന്നുവെങ്കിലും ഗലേറിയോസിനെയാണ് ഡായക്ളിഷ്യൻ വാഴിച്ചത്. തുടർന്ന് നികോമേഡിയയിൽ നിന്നും ഇന്ഗ്ലണ്ടിലെ യോർക്കിലേക്കു, തൻറെ പിതാവിന്റെ അടുത്തേക്ക്, കോൺസ്റ്റന്റൈൻ തത്വത്തിൽ ഒളിച്ചോടി.
യോർക്കിൽവച്ചു കോൺസ്റ്റന്റിനുസ് മരിച്ചപ്പോൾ പട്ടാളക്കാരാണ് കോൺസ്റ്റാന്റിനെ ചക്രവർത്തിയായി അവരോധിച്ചത്. തുടർന്ന് റോമാസാബ്രാജ്യത്തിന്റെ പ്രധാനചക്രവർത്തിയായ അഗസ്റ്സ് ആയി കോൺസ്റ്റാന്റിൻ സ്വയം പ്രഖ്യാപിച്ചെങ്കിലും മറ്റുള്ളവർ സഹചക്രവർത്തിയായെ കോൺസ്റ്റന്റിനെ അഗീകരിച്ചുള്ളു.
എന്നാൽ കോൺസ്റ്റന്റൈൻ എ.ഡി. 313 -ൽ പൗരസ്ത്യറോമിന്റെ ലിസിനോസ് ചാക്രവർത്തിയുമായി "ഈഡിത് ഓഫ് മിലാൻ" വഴി ക്രിസ്തുമതപീഠനം അവസാനിപ്പിക്കാൻ ധാരണയായെങ്കിലും ലിസിനോസ് മതപീഠനം തുടർന്നു. 313-നകം മറ്റു റോമൻ ചക്രവർത്തിമാരെ കോൺസ്റ്റന്റൈൻ കിഴടക്കിയിരുന്നു. എ.ഡി. 324-ൽ ഇന്നത്തെ തുർക്കിയിൽ സ്ഥിതി ചെയ്യുന്ന അഡ്രിയാനോപോളിൽവച്ചു ലിസിനുസിനെ തോൽപ്പിക്കുകയും തുടർന്ന് സബൂർണ റോമാസാബ്രാജ്യത്തിന്റെ ചക്രവർത്തിയായി കോൺസ്റ്റന്റൈൻ ഭരണം തുടങ്ങുകയും ചെയ്തു.
കിഴക്കൻ റോമാസാബ്രാജ്യത്ത് ഗ്രീക്കുഭാഷയും സംസ്ക്കാരവും നിലനിന്നു. പടിഞ്ഞാറൻ റോമാസാബ്രാജ്യത്ത് ലത്തീൻ ഭാഷയും സംസ്കാരവും ആയിരുന്നു. ഇവ തമ്മിൽ സമന്വയിപ്പിക്കാനായി എ.ഡി. 324-ൽ തന്നെ ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയായ കോൺസ്റ്റാന്റിനോപ്പിൾ അദ്ദേഹം റോമാസാബ്രാജ്യത്തിന്റെ തലസ്ഥാനമാക്കി. കോൺസ്റ്റാന്റിനോപ്പിൾ എന്ന പേര് കോൺസ്റ്റന്റിന്റെ നഗരം എന്ന പേരിൽ അദ്ദേഹം തലസ്ഥാനത്തിനു കൊടുത്തു. പുതിയ റോമയെന്നും കോൺസ്റ്റാന്റിനോപ്പിളിനെ വിളിച്ചു.
ക്രിസ്തുമതത്തിനു അംഗീകാരം കൊടുത്തതുകൊണ്ടു ക്രിസ്തീയമായ പ്രതീകങ്ങളും അടയാളങ്ങളും ധാരാളമായി ഈ നഗരത്തിൽ ഉപയോഗിക്കപ്പെട്ടു. എ.ഡി. 325 -ൽ ചക്രവർത്തി കോൺസ്റ്റാന്റിനോപ്പിളിൽ ക്രൈസ്തവദേവാലയം പണിതു (ഹഗ്ഗിയ ഇരേനെ). അങ്ങനെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ചരിത്രപരമായി കോൺസ്റ്റാന്റിനോപ്പിളിനുള്ള സ്ഥാനം വളരെ വലുതായി. ജെറുസലേം കഴിഞ്ഞാൽ ക്രൈസ്തവന് പ്രധാനം കോൺസ്റ്റാന്റിനോപ്പിളാണ്. കാരണം ക്രിസ്തുമതം മതപീഠനത്തിൽനിന്നും സ്വതന്ത്രമായതോടെ റോമാസാബ്രാജ്യത്തിന്റെ തലസ്ഥാനം കോൺസ്റ്റാന്റിനോപ്പിളായി. ക്രിസ്തുമതകേന്ദ്രവും കോൺസ്റാന്റിനിപ്പിളായി.
ക്രമേണ കോൺസ്റ്റാന്റിനോപ്പിളും വടക്കേആഫ്രിക്കയിലെ അലെക്സാൻഡ്രിയയും രണ്ടു പ്രധാന ക്രിസ്തുമതകേന്ദ്രങ്ങളായി നിലകൊണ്ടു. പത്രോസിന്റെ സിംഹാസനമെന്നതിനാൽ റോമിന് പ്രാധാന്യമുണ്ടായിരുന്നുവെന്ന കാര്യം വിസ്മരിക്കുന്നില്ല. റോമും അലെക്സാൻഡ്രിയയും, റോമും കോൺസ്റ്റാന്റിനോപ്പിളും മാറിമാറി രണ്ടു പ്രധാന ക്രൈസ്തവകേന്ദ്രങ്ങളായി അംഗീകരിക്കപ്പെട്ടു.
മാത്രമല്ല, കോൺസ്റ്റാന്റിനോപ്പിളിൽ നിന്നും ഏകദേശം 105 കിലോമീറ്റർ അകലെയുള്ള നികോമേഡിയയും 130 കിലോമീറ്റർ ദൂരത്തുള്ള നിഖ്യയും 30 കിലോമീറ്റർ ദൂരത്തുള്ള കാൽസിഡോണിയയും പ്രധാന ക്രൈസ്തവകേന്ദ്രങ്ങളും ആദ്യത്തെ നാലു സാർവർത്തിക സുനഹദോസുകൾ (നികോമേഡിയ ഒഴിച്ച് ) നടന്ന സ്ഥലങ്ങളുമായിരുന്നു.
കോൺസ്റ്റന്റൈൻ ചക്രവർത്തിയെ അന്നത്തെ ആര്യൻ മെത്രനായിരുന്ന നികോമേഡിയയിലെ എവുസേബിയൂസ് ജ്ഞാനസ്നാനപ്പെടുത്തുന്നത് കോൺസ്റ്റാന്റിനോപ്പിളിലാണ്. ഹഗ്ഗിയ സോഹിയ നിർമിക്കുന്നതും ഹഗ്ഗിയ സോഫിയ ക്രൈസ്തവർക്ക് വിലപ്പെട്ടതാകുന്നതും കോൺസ്റ്റാന്റിനോപ്പിളിന്റെ ചരിത്രപരമായ പ്രാധാന്യത്തിന്റെ വെളിച്ചത്തിലാണ്.
1453 -ൽ ഓട്ടോമൻ ചക്രവർത്തി മുഹമ്മദ് രണ്ടാമൻ ഹഗ്ഗിയ സോഫിയ മോസ്ക്കാക്കി മാറ്റി. 1922-ൽ സുൽത്താനേറ്റ് അവസാനിച്ചു. 1934-ൽ മുസ്തഫ കമൽ അറ്റാർക്കു ഹഗ്ഗിയ സോഫിയ മ്യുസിയമാക്കി മാറ്റി. എന്നാൽ ഇന്നും ലോകമെമ്പാടുമുള്ള ക്രൈസ്തവർ കോൺസ്റ്റാന്റിനോപ്പിൾ തങ്ങളുടെ ഏറ്റം ചരിത്രപ്രധാന നഗരമായും ഹഗ്ഗിയ സോഫിയ ഏറ്റം പ്രധാനപ്പെട്ട ദേവാലയമായും കണക്കാക്കുന്നു.
4. ഹഗ്ഗിയ സോഫിയയുടെ നിർമാണം.
i .ഒന്നാമത്തെ ഹഗ്ഗിയ സോഫിയ
എ.ഡി. 360-ൽ കോൺസ്റ്റന്റിനുസ് രണ്ടാമൻ (337 -361) ചക്രവർത്തിയുടെ കാലത്താണ് ഹഗ്ഗിയ സോഫിയ (ജ്ഞാനത്തിന്റെ ദേവാലയം)-യുടെ നിർമമാണം പൂർത്തിയാക്കി ആശീർവദിക്കപ്പെടുന്നത്. 44 വര്ഷങ്ങള്ക്കുശേഷം എ.ഡി. 404-ൽ അന്നത്തെ പാത്രിയാക്കിസായിരുന്ന വി. ജോൺ ക്രിസോസ്റ്റോമിനെ ചക്രവർത്തി പുറത്താക്കിയതിൽ പ്രതിഷേധിച്ചുണ്ടായ കലാപത്തിൽ ഈ ദേവാലയം കത്തിനശിച്ചു.
ii. രണ്ടാമത്തെ ഹഗ്ഗിയ സോഫിയ
412-ൽ തെയോടിയുസ് രണ്ടാമൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ ഹഗ്ഗിയ സോഫിയ പുതുക്കിപ്പണിയപ്പെട്ടു. തുടർന്ന് 120 വര്ഷങ്ങള്ക്കുശേഷം എ.ഡി. 532-ൽ അന്നത്തെ ചക്രവർത്തിയായിരുന്ന ജസ്റ്റീനിയസിന്റെ ഭീകരമായ ഏകാധിപത്യപ്രവണതയിൽ ജനങ്ങൾ പ്രതിഷേധിക്കുകയും തൽഫലമായുണ്ടായ പ്രതിഷേധത്തിൽ ഹഗ്ഗിയ സോഫിയ കത്തിനശിക്കുകയും ചെയ്തു. തന്റെ അധികാരം ദൈവദത്തമാണെന്ന് തെയോഡിയോസ് അവകാശപ്പെട്ടു. ദൈവത്തിനു തുല്യം തന്നെ അഗീകരിക്കണമെന്നുമുള്ള ദുർവാശിയിലും അധികാരഭ്രമത്തതയിലും രാജാവ് മതിമറന്നു. അപ്പോൾ സെനറ്റർമാരും ഒട്ടനവധി പൗരന്മാരും നേതൃത്വം കൊടുത്ത പ്രതിഷേധമായിരുന്നു അത്. അതുപോലെതന്നെ പേർഷ്യൻ യുദ്ധം തോറ്റതും അതുമൂലം രാജാവ് ജനങ്ങളുടെമേൽ അധികനികുതി ചുമത്തിയതും പ്രതിഷേധത്തിനു കാരണമായി. ഒട്ടനവധി ജനങ്ങൾ അന്ന് കൊല്ലപ്പെട്ടു. കോൺസ്റ്റാന്റിനോപ്പിളിന്റെ അഹങ്കാരവുമായിരുന്ന ഹഗ്ഗിയ സോഹിയ അന്ന് വീണ്ടും കത്തിനശിച്ചു.
iii. മൂന്നാമത്തെ ഹഗ്ഗിയ സോഫിയ
എ.ഡി. 532 മുതൽ എ.ഡി. 537-വരെയുള്ള കാലഘട്ടത്തിൽ ഹഗ്ഗിയ സോഫിയ വീണ്ടും നിർമിക്കപ്പെട്ടു.
യുസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയാണ് പണികഴിപ്പിച്ചത്. തുടർന്ന് എ. ഡി.1204-വരെ ബൈസന്റൈൻ കത്തീഡ്രലായി ഹഗ്ഗിയ സോഫിയ നിലകൊണ്ടു.
iv. ലത്തീൻ കത്തീഡ്രലായി മാറിയ ഹഗ്ഗിയ സോഫിയ
എ.ഡി.1204 മുതൽ 1261വരെയുള്ള കാലഘട്ടത്തിൽ ജർമൻ ചക്രവർത്തിമാരും ഫ്രഞ്ച് ചക്രവർത്തിമാരും ഇന്നത്തെ ഗ്രീസും കോൺസ്റ്റാന്റിനോപ്പിളും ഉൾപ്പെടെ ബൈസന്റൈൻ സാബ്രാജ്യത്തിന്റെ ഭൂരിഭാഗവും കിഴടക്കി. അന്നവർ അവിടെ ഒരു ലത്തീൻ ആധിപത്യം അടിച്ചേൽപ്പിച്ചു. 1024 മുതൽ 1261വരെ വിവിധ ലത്തീൻ ചക്രവർത്തിമാരായിരുന്നു കോൺസ്റ്റാന്റിനോപ്പിൾ ഭരിച്ചിരുന്നത്. 1261-ൽ ബൈസന്റൈൻ ചക്രവർത്തി കോൺസ്റ്റാന്റിനോപ്പിൾ തിരിച്ചുപിടിച്ചു. ഭരണം നഷ്ടപ്പെട്ടിട്ടും ഓട്ടോമൻ (ഒസ്മാനിയൻ) സുൽത്താൻ മുഹമ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിൾ കിഴടക്കുന്നതുവരെ നാമമാത്ര ചക്രവർത്തിമാരെ കോൺസ്റ്റാന്റിനോപ്പിളിൽ പാശ്ചാത്യർ വാഴിച്ചിരുന്നു.
എ.ഡി.1204 മുതൽ എ.ഡി. 1261 വരെ ഹഗ്ഗിയ സോഫിയ റോമൻ കാത്തലിക് കത്തീഡ്രലായി പശ്ചാത്യർ മാറ്റിയിരുന്നു. ഇക്കാലത്തു പ്രധാനപ്പെട്ട ഐക്കോണുകൾ ഈ കത്തീഡ്രലിൽ നിന്നും എടുത്തുമാറ്റപ്പെട്ടു.
v. മോസ്കാക്കപ്പെട്ട ഹഗ്ഗിയ സോഫിയ
1453 -ൽ ഓട്ടോമൻ ബൈസന്റൈൻ സാബ്രാജ്യവും ഹഗ്ഗിയ സോഫിയയും കീഴടക്കുബോൾ ബൈസാന്റിൻ സാബ്രാജ്യത്തിൽ ആഭ്യന്തര കലഹമുണ്ടായിരുന്നു. പാശ്ചാത്യ-പൗരസ്ത്യ രാജാക്കന്മാർ തമ്മിലും കലഹമുണ്ടായിരുന്നു. കത്തോലിക്കരും ഓർത്തഡോസ് സഭക്കാർ തമ്മിലും ഐക്യമില്ലായിരുന്നു. അതുകൊണ്ടു മുഹമ്മദ് രണ്ടാമന് ബൈസന്റിൻ കിഴടക്കുക എളുപ്പമായിരുന്നു.
1453 മെയ് 29-ന് ഓട്ടോമൻ (ഒസാമൻ ) ചക്രവർത്തി സുൽത്താൻ മൊഹമ്മദ് ക്രിസ്തീയ (ബൈസന്ററ്റീൻ) ദേവാലയമായിരുന്ന ഹഗ്ഗിയ സോഫിയ കൈയേറിയതിന് കാരണം രാഷ്ട്രീയ നേട്ടമായിരുന്നു. അന്ന് ദേവാലയത്തിൽ അഭയം തേടിയ ആയിരക്കണക്കിന് മനുഷ്യരെ അവർ കൊന്നൊടുക്കി. ക്രൈസ്തവരായിരുന്ന പാശ്ചാത്യ രാജാക്കന്മാർ ഹാഗിയ സോഫിയയെ സുൽത്താന്റെ ആക്രമണത്തിൽനിന്നും 1453 -ൽ സംരക്ഷിക്കാത്തിരുന്നതും രാഷ്ട്രീയവിരോധത്തിന്റെ പേരിലായിരുന്നു. മൊഹമ്മദ് രണ്ടാമൻ മതവികാരം ഉയർത്തി ഹാഗിയ സോഫിയ മോസ്കാക്കി മാറ്റുകയും തുടർന്ന് ഇസ്ലാം മതത്തിലേക്ക് നിർബന്ധപൂർവം ക്രൈസ്തവരെ പരിവർത്തനം ചെയ്യുകയും ഇസ്ലാമികമതനേതാക്കളുടെ സഹായത്തോടെ ഭരണം എളുപ്പമാക്കുകയും ചെയ്തു. ക്രിസ്ത്യാനികൾ അവിടെ പീഡിപ്പിക്കപ്പെട്ടു. മുസ്ലിമുകളുടെ ഇടയിൽ ആഭ്യന്തരകലഹം ഉണ്ടാകുന്നതുവരെ അദ്ദേഹവും പിൻഗാമികളും ഭരണം ശുഭകരവും സുഗമവുമാക്കി.
vi. മ്യുസിയമാക്കപ്പെട്ട ഹഗ്ഗിയ സോഫിയ
1934 നവംബർ 24-ന് മുസ്തഫ കെമാൽ അറ്റതുർക്കിന്റെ മിനിസ്റ്റീരിയൽ റാറ്റ് മോസ്ക്കായിരുന്ന ഹഗ്ഗിയ സോഫിയ മ്യുസിയം ആക്കി മാറ്റി. പാശ്ചാത്യ രാജ്യങ്ങളുമായി വളർത്തിയെടുക്കാൻ ആഗ്രഹിച്ച രാഷ്ട്രീയ ബന്ധവും രാഷ്ട്രീയനേട്ടങ്ങളുമായിരുന്നു അതിനു പ്രധാന കാരണം.
vii. വീണ്ടും മോസ്ക്
രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി മാത്രമാണ് 2020 ജൂലായ് 24-ന് തുർക്കിയുടെ പ്രസിഡണ്ട് ആയ എർദോഗാൻ മ്യുസിയമായിരുന്ന ഹഗ്ഗിയ സോഫിയ വീണ്ടും മോസ്ക്കാക്കിയത്.
ഫ്രാൻസിസ് മാർപ്പാപ്പായും അന്ത്രയോസ് അപ്പസ്തോലന്റെ പിൻഗാമിയായ ഗ്രീക്ക് ഓർത്തഡോക്സ് എക്മെനിക്കൽ പാർത്രിയാക്കിസ് ബർത്തലോമിയോസ് ഒന്നാമനും UNO -യും WCC -യും എർദോഗാനെതിരെ ദുഃഖം രേഖപ്പെടുത്തി. USA -യും ഗ്രീസും പ്രതിഷേധിച്ചു. ജർമനിയും അപലപിച്ചു. എന്നിരുന്നാലും പടിഞ്ഞാറൻ യൂറോപ്പിലെ രാഷ്ട്രീയത്തിൽ ഹഗ്ഗിയ സോഫിയ ഒരു വിഷയമല്ല. രാഷ്ട്രീയനേട്ടണത്തിനു അവിടെ അതുപകരിക്കില്ല. അതുകൊണ്ടായിരിക്കണം, യൂറോപ്പിലെ രാഷ്ട്രീയനേതാക്കന്മാർ ഈ അതിക്രമത്തോട് അർഹമായി പ്രതികരിച്ചില്ല.
5 . ഹഗ്ഗിയ സോഫിയയുടെ ക്രൈസ്തവപ്രാധാന്യം.
ഒരു പ്രാർത്ഥനാലയം മാത്രമായിരുന്നില്ല ഹഗ്ഗിയ സോഫിയ. ക്രൈസ്തവരുടെ സമ്മേളനസ്ഥലവും നീതിന്യായകോടതിയും കച്ചവടകേന്ദ്രവും കൂടിയായിരുന്നു ഹഗ്ഗിയ സോഫിയ. എട്ടാമത്തെ ലോകാത്ഭുതമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഹഗ്ഗിയ സോഫിയ ഏകീകൃത റോമാസാബ്രാജ്യത്തിന്റെ ചക്രവർത്തി വസിച്ചിരുന്ന നഗരത്തിന്റെ പ്രധാന ആകർഷകവുമായിരുന്നു.
പിന്നീട് പാശ്ചാത്യ റോമാസാബ്രാജ്യത്തിന്റെ തലസ്ഥാനം ഇറ്റലിയിലെ റാവണയും പൗരസ്ത്യറോമാസാബ്രാജ്യത്തിന്റെ തലസ്ഥാനം കോസ്റ്റാന്റിനോപ്പിളുമായി തിരിഞ്ഞുവെങ്കിലും എ.ഡി. 476 -ൽ പാശ്ചാത്യ റോമാസാബ്രാജ്യം തകർന്നശേഷം റോമാസാബ്രാജ്യം ഒന്നേ ഉണ്ടായിരുന്നുള്ളു. അത് കോൺസ്റ്റാന്റിനോപ്പിൾ തലസ്ഥാനമായ പൗരസ്ത്യറോമാസാബ്രാജ്യം അഥവാ ബൈസാന്റിൻ സാബ്രാജ്യമായിരുന്നു. അതായത് ബി.സി. 27-ൽ സ്ഥാപിതമായ ഏകീകരിക്കപ്പെട്ട റോമാസാബ്രാജ്യം എ.ഡി. 476-ൽ പാശ്ചാത്യ റോമാ സാബ്രാജ്യം തകർന്നശേഷം 1453-വരെ ആയിരം വർഷങ്ങൾ റോമാ സാബ്രാജ്യത്തിന്റെ തലസ്ഥാനം ഇന്നത്തെ തുർക്കിയിലെ കോൺസ്റ്റാന്റിനോപ്പിളിലായിരുന്നു (ഇസ്താംബൂൾ). പൗരസ്ത്യ റോമൻ ചക്രവർത്തിമാരും പാശ്ചാത്യ റോമൻ ചക്രവർത്തിമാരും ഒരുപോലെ ആസ്ഥാനമാക്കാൻ ആഗ്രഹിച്ച നഗരം. ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയം അന്നും എന്നും കോൺസ്റ്റാന്റിനോപ്പിളിലായിരുന്നു. അത് ഹഗ്ഗിയ സോഫിയയും.
ഹഗ്ഗിയ സോഫിയയുടെ പ്രാധാന്യം മൂലമാണ് പാശ്ചാത്യരാജാക്കന്മാർ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഹഗ്ഗിയ സോഫിയ റോമൻ കത്തോലിക്കാ കത്തീഡ്രലാക്കി മാറ്റിയത്. വി. പത്രോസിന്റെ ശവകുടീരത്തിനു മുകളിൽ എ.ഡി. 324-മുതൽ ബസിലിക്ക ഉണ്ടായിരുന്നുവെങ്കിലും ഓട്ടോമൻ സുൽത്താൻ മുഹമ്മദ് രണ്ടാമൻ ഹഗ്ഗിയ സോഹിയ 1453-ൽ മോസ്ക്കാക്കിയതിനുശേഷമാണു റോമിലെ ഇന്നത്തെ മനോഹരമായ സെയ്ന്റ് പീറ്റേഴ്സ് ഡോം (വത്തിക്കാൻ) പണികഴിക്കപ്പെട്ടത്. ജെറുസലേം കഴിഞ്ഞാൽ കോൺസ്റ്റാന്റിനോപ്പിളും ഹഗ്ഗിയ സോഫിയയും ആയിരുന്നു എന്നും ക്രൈസ്തവരുടെ കേന്ദ്രം.
ജെറുസലേം എ.ഡി. 637 -ൽ റാഷിദുൻ ഖലീഫറ്റിനു കിഴടങ്ങി. ജെറുസലേം പാത്രിയാർകീസ് ഇസ്ലാമിക ഭരണം അഗീകരിക്കാൻ നിർബന്ധിതാനായി. മുസ്ലിം ഭരണാധികാരി ജനങ്ങളെ മുസ്ലിമാക്കുകയും ചെയ്തു. അതുകൊണ്ടു ക്രൈസ്തവതലസ്ഥാനം അന്നുമുതൽ കോൺസ്റ്റാന്റിനോപ്പിളായിരുന്നു. ജെറുസലേമിന് ശേഷം കോൺസ്റ്റാന്റിനോപ്പിളും നഷ്ടപ്പെടുന്ന അവസ്ഥയാണ് 1453 -ൽ സംഭവിച്ചത്.
ദേവാലയം നഷ്ടപ്പെടുകമാത്രമല്ല, ജനങ്ങൾ മതം മാറാൻ നിര്ബന്ധിതരാവുകയും ചെയ്തു. ഹഗ്ഗിയ സോഫിയ മൊഹമ്മദ് രണ്ടാമൻ കീഴടക്കിയപ്പോൾ നിരവധി ക്രൈസ്തവർ കൊല്ലപ്പെട്ടു. അതിൽ യഥാർത്ഥ പ്രതികൾ ഇസ്ലാം വിശ്വാസികളാണെന്നു പറയുന്നില്ല. ഇസ്ലാം വിശ്വാസം രഷ്ട്രീയ അധികാരം നേടാൻ ദുരുപയോഗിച്ച രാഷ്ട്രീയ ഭരണകർത്താക്കളാണ് പ്രതികൾ. അവർക്കു കൂട്ടുനിന്ന ഇസ്ലാമികമതനേതൃത്വവും.
6. ഹഗ്ഗിയ സോഫിയയും സുനഹദോസുകളും
ജെറുസലെമും പത്രോസിന്റെ സിംഹാസനമായ റോമും ക്രൈസ്തവരുടെ ഏറ്റം ചരിത്രപ്രധാന നഗരങ്ങളാണ്.
റോം അലക്സാൻഡ്രിയയോടും കോസ്റ്റാന്റിനോപ്പിളിനോടും മാറി മാറി സഹകരിച്ചു. എന്നിരുന്നാലും കോൺസ്റാന്റിനോപ്പിളും ഈജിപ്തിലെ അലക്സാൻഡ്രിയയും ആയിരുന്നു ക്രൈസ്തവജീവിതത്തിന്റെയും ക്രൈസ്തവദൈവശാസ്ത്രത്തിന്റെയും കേന്ദ്രങ്ങൾ. ആദിമ നൂറ്റാണ്ടുകളിലെ എല്ലാ തർക്കങ്ങളും കേന്ദ്രീകരിച്ചിരുന്നത് അലക്സാൻഡ്രിയയിലും കോസ്റ്റാന്റിനോപ്പിളിലും ആയിരുന്നു.
നിരവധി ക്രൈസ്തവ സിനഡുകളുടെയും സൂനഹദോസുകളുടെയും നഗരമായിരുന്നു കോൺസ്റ്റാന്റിനോപ്പിൾ. അലക്സാൻഡ്രിയയിലെയും അന്ത്യോഖ്യയിലെയും ദൈവശാസ്ത്രതർക്കങ്ങൾ ചർച്ചചെയ്തതും പരിഹാരം തേടിയതും കോൺസ്റ്റാന്റിനോപ്പിളിലായിരുന്നു.
നിഖ്യ സുന്നഹദോസിൽ ക്രിസ്തുദർശനത്തിനു രൂപം കൊടുത്ത വി. അത്തനാസിയോസിനെ നാടുകടത്തിയ സിനഡ് 335-ൽ നടന്നത് കോൺസ്റ്റാന്റിനോപ്പിളിലാണ്. ആര്യൻ പാഷാണ്ഡതയുടെ ഉപജ്ഞാതാവായ അരിയൂസ് തന്റെ ശക്തമായ തിരിച്ചുവരവിന്ന് ചക്രവർത്തിയിൽനിന്നും അനുവാദം വാങ്ങി എ.ഡി. 336-ൽ ഈസ്റ്റർ കുർബാന ചൊല്ലാൻ എത്തിയത് കോൺസ്റ്റാന്റിനോപ്പിളിലേക്കാണ്.
നെസ്തോറിയൂസിന്റെ ചിന്തകൾക്കെതിരെ അലക്സാൻഡ്രിയയിലെ പാത്രിയാക്കീസിന്റെ നേതൃത്വത്തിൽ പ്രതിഷേധമുയർന്നതും നെസ്തോറിയൂസ് പാത്രിയാക്കീസായിരുന്ന കോൺസ്റ്റാന്റിനോപ്പിളിൽ ആയിരുന്നു.
അതിലുപരി പാശ്ചാത്യസഭയും (കത്തോലിക്കർ) പൗരസ്ത്യ സഭയും (ഓർത്തഡോൿസ് സഭ ) ഒരുപോലെ അംഗീകരിക്കുന്ന നാലു സാർവർത്തിക സുനഹദോസുകളാണ് കോൺസ്റ്റത്തിനോപ്പിളിലെ ഹഗ്ഗിയ സോഫിയായിൽ നടന്നത്. എ.ഡി. 381, 553, 680-681, 869-870 എന്നീ വര്ഷങ്ങളിലായിരുന്നു അത്.
അതായതു ബൈസന്റൈൻ സഭയുടെ മാത്രമല്ല സാർവത്രികസഭയുടെ കേന്ദ്രമായിരുന്നു കോൺസ്റ്റാന്റിനോപ്പിൾ. സഭയുടെ പാശ്ചാത്യ-പൗരസ്ത്യ വിഭജനങ്ങൾക്കു മുൻപ് ക്രൈസ്തവരുടെ പൊതുവായ കേന്ദ്രം കോൺസ്റ്റാന്റിനോപ്പിളും ഏറ്റവും പ്രധാനപ്പെട്ട ദേവാലയം ഹഗ്ഗിയ സോഫിയയും ആയിരുന്നു.
7. പാശ്ചാത്യ-പൗരസ്ത്യ വിഭാഗീയതയും ഹഗ്ഗിയ സോഫിയയും
പൗരസ്ത്യ-പാശ്ചാത്യ റോമാ ചക്രവർത്തിമാർ തമ്മിൽ മിക്കപ്പോഴും കലഹമുണ്ടായിരുന്നു. പാശ്ചാത്യ റോമാസാബ്രാജ്യത്തിന്റെ തകർച്ചക്കു ശേഷവും അവർ പരസ്പരം മത്സരവും അകൽച്ചയും തുടർന്നു. അതുകൊണ്ട് പാശ്ചാത്യ-പൗരസ്ത്യ സഭകൾ തമ്മിലും അകൽച്ച ഉണ്ടായിരുന്നു. 451-ലെ കാൽസിഡോണിയൻ സുന്നഹദോസിൽ റോമിലെ മാർപ്പാപ്പയുടെ പരമാധികാരം അംഗീകരിക്കപ്പെട്ടെങ്കിലും അത്ര പ്രയോഗികമായില്ല. പാത്രിയാർക്കീസുമാർ വ്യക്തിസഭകളെ നയിച്ചു. പാശ്ചാത്യ-പൗരസ്ത്യ സഭകൾ തമ്മിലും പൗരസ്ത്യ റോമൻ ചക്രവർത്തിയും പാശ്ചാത്യരാജാക്കന്മാരും തമ്മിലും കാര്യമായ ബന്ധമില്ലാതായി.
എ.ഡി. 678 -ൽ ബൈസന്റൈൻ സാബ്രാജ്യത്തിനെതിരെ മുസ്ലിം ആക്രമണമുണ്ടായപ്പോൾ പാശ്ചാത്യസഭയുടെയും പാശ്ചാത്യ രാജാക്കന്മാരുടെയും സഹായം പൗരസ്ത്യ റോമൻ ചക്രവർത്തി ചോദിച്ചെങ്കിലും സഹായമൊന്നും ലഭിച്ചില്ല. എ.ഡി. 800-ൽ ലെയോ മൂന്നാമൻ മാർപ്പാപ്പ ചാർലിമെനെ പരിശൂദ്ധ റോമാസാബ്രാജ്യത്തിന്റെ ചക്രവർത്തിയായി നിയമിച്ചതോടെ പാശ്ചാത്യ-പൗരസ്ത്യ സഭകൾ തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. അന്ന് ബൈസന്റിൻ ചക്രവർത്തിയും പാശ്ചാത്യ രാജാക്കന്മാരും തമ്മിലുള്ള ബന്ധവും വഷളായി. കാരണം പൗരസ്ത്യ റോമൻ ചക്രവർത്തിക്ക് ബദലായി ഒരു രാജാവിനെ മാർപ്പാപ്പ വാഴിക്കുന്നത് പൗരസ്ത്യ റോമാചക്രവർത്തിക്കും പൗരസ്ത്യ സഭക്കും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.
എ.ഡി. 1054 -ൽ മാർപ്പാപ്പായും പാത്രിയാക്കിസും പരസ്പരം സഭയിൽനിന്നും പുറത്താക്കിയതോടെ പൗരസ്ത്യ-പാശ്ചാത്യ സഭകൾ തമ്മിലുള്ള ബന്ധം പൂർണമായും ഇല്ലാതായി.
പിന്നീട് 1965 -ൽ പോൾ ആറാമൻ മാർപ്പായും അത്തനാഗോറസ് ഒന്നാമൻ പാത്രിയാക്കിസും പുറത്താക്കൽ പരസ്പ്പരം തിരിച്ചെടുക്കുകയും ദൈവശാസ്ത്രവ്യത്യാസങ്ങൾ തീവ്രമല്ലെന്നു പ്രഖ്യാപിക്കുകയും ചെയ്ത് ഐക്യം സ്ഥാപിച്ചെങ്കിലും പ്രായോഗികതലത്തിൽ ഐക്യം ഇനിയും പൂർണ്ണമായിട്ടില്ല.
ഒരുകാലത്തു ഹഗ്ഗിയ സോഫിയ റോമൻ കാത്തലിക് കത്തീഡ്രലാക്കിയതും 1453-ലെ ഓട്ടോമൻ ചക്രവർത്തിയുടെ ആക്രമണത്തിൽ ബൈസന്റൈൻ ചക്രവർത്തിയെ പാശ്ചാത്യരാജാക്കന്മാർ കാര്യമായി സഹായിച്ചില്ല എന്നതും മുറിവായി എന്നും നിലകൊണ്ടു.
പാശ്ചാത്യ-പൗരസ്ത്യ സഭകൾ തമ്മിൽ ഐക്യവും പാശ്ചാത്യ രാജാക്കന്മാരുടെ സഹായവും ഉണ്ടായിരുന്നുവെങ്കിൽ ഓട്ടോമൻ ചക്രവർത്തിയായ മൊഹമ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുമായിരുന്നില്ല.
നാട് ആക്രമിച്ചു കീഴടക്കുന്നതോടെ നാട്ടുകാരെ നിബന്ധപൂർവം മുസ്ലീമാക്കാനും ഇസ്ലാമിക ഭരണാധികാരികൾ ശ്രദ്ധിച്ചു.
ചക്രവർത്തിമാരുടെ സഹായം ക്രൈസ്തർക്കു കിട്ടിയിട്ടുണ്ടെങ്കിലും നിർബന്ധിത മതപരിവർത്തനമായിരുന്നില്ല ക്രൈസ്തവരുടേത്. റോമാ സാബ്രാജ്യത്തിന്റെ ഔദ്യാഗിക മതമായി എ.ഡി. 380 -ൽ ക്രിസ്തുമതം പ്രഖ്യാപിക്കും മുൻപേ സഹനത്തിലൂടെ വിശ്വാസം സംരക്ഷിച്ച ക്രൈസ്തവരുടെ വിശ്വാസം റോമിലെ ഭൂരിഭാഗം ജനങ്ങളും സ്വീകരിച്ചുകഴിഞ്ഞിരുന്നു.
8 . ഹഗ്ഗിയ സോഫിയയും കുരിശുയുദ്ധങ്ങളും
കുരിശുയുദ്ധങ്ങളെക്കുറിച്ചു തെറ്റായ വിവരങ്ങളാണ് പലപ്പോഴും പ്രചരിപ്പിക്കപ്പെടുന്നത്. കുരിശുയുദ്ധങ്ങൾ മതം പ്രചരിപ്പിക്കാനുള്ള യുദ്ധമായിരുന്നില്ല. വിശുദ്ധനാട്ടിലേക്കുള്ള യാത്രാസ്വാതന്ത്ര്യമെങ്കിലും വീണ്ടെടുക്കാനുള്ള പരിശ്രമമായിരുന്നു. രാജാക്കന്മാരുടെ സാമ്പത്തികതാല്പര്യങ്ങളും ഒപ്പമുണ്ടായിരുന്നു. എ.ഡി. 1095-ൽ ഊർബൻ രണ്ടാമൻ മാർപ്പാപ്പ ആഹ്വാനം ചെയ്തതനുസരിച്ചാണ് ഒന്നാം കുരിശു യുദ്ധം തുടങ്ങുന്നത്. പാശ്ചാത്യരാജാക്കന്മാർ പാശ്ചാത്യസഭയുടെ പിന്തുണയിൽ നടത്തിയ യുദ്ധമായിരുന്നു കുരിശുയുദ്ധങ്ങൾ. പൗരസ്ത്യസഭ സഹകരിക്കുകയോ പൗരസ്ത്യസഭയെ സഹകരിപ്പിക്കുകയോ ചെയ്തില്ല. പാശ്ചാത്യ-പൗരസ്ത്യരാജ്യങ്ങളും സഭകളും തമ്മിലുള്ള ബന്ധം അന്ന് അത്ര മോശമായിരുന്നു.
കുരിശുയുദ്ധം തുടങ്ങുന്നതിനു പത്തു വര്ഷങ്ങള്ക്കു മുൻപ് 1085 -ൽ ബൈസാന്റിനിയൻ പാത്രിയാർക്കിസ് അലക്സാണ്ടർ ഒന്നാമൻ കുരിശുയുദ്ധത്തിനു ആഹ്വാനം ചെയ്തിരുന്നു. മുസ്ലിം സുൽത്താൻ ജെറുസലെമും അന്തിയോക്കിയായും കീഴടക്കിയിരുന്നതുകൊണ്ടു അതിനുശേഷം ബൈസാന്റിൻ സാബ്രാജ്യം കിഴടക്കുമെന്ന ഭയമുണ്ടായപ്പോഴാണ് അദ്ദേഹം കുരിശുയുദ്ധത്തിനു ആഹ്വാനം ചെയ്തത്. പാശ്ചാത്യ രാജാക്കന്മാരുടെയും പാശ്ചാത്യ സഭയുടെയും സഹായമാണ് പാത്രിയാർക്കിസ് തേടിയത്. പക്ഷെ കാര്യമായ പ്രതികരണമൊന്നും അദ്ദേഹത്തിന് അന്ന് ലഭിച്ചില്ല.
എ.ഡി. 638 -മുതൽ ജറുസലേം മുസ്ളീം രാജാക്കന്മാരുടെ അധിനതയിലായിരുന്നു. അവർ തദ്ദേശവാസികളെയെല്ലാം നിർബന്ധപൂർവം മുസ്ലിമാക്കി മാറ്റിയിരുന്നുതാനും. ലക്ഷ്യം രാഷ്ട്രീയാധികാരം നിലനിർത്തുകയായിരുന്നു. എന്നാൽ ജറുസലേമിലേക്കുള്ള തീർത്ഥാടനം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായിരുന്നു.
മുസ്ലീമുകൾ ജെറുസലേമിലേക്കുള്ള തീർത്ഥാടനം മുടക്കിയത് ഒന്നാം കുരിശുയുദ്ധത്തിനുള്ള പ്രധാന കാരണമായിരുന്നു (1095). സാബത്തികകാരണങ്ങളും ഒപ്പമുണ്ടായിരുന്നു. കാരണം പാശ്ചാത്യ യുറോപ്പിനേക്കാൾ സബന്നമായിരുന്നു അന്ന് ജെറുസലേമും സമീപപ്രദേശങ്ങളും. നാലാഴ്ചത്തെ യുദ്ധത്തിനുശേഷം കുരിശുയുദ്ധക്കാർ ജെറുസലേം കീഴടക്കി. പല ഇസ്ളാമികരാജാക്കന്മാരും പരസ്പരം കലഹിച്ചിരുന്നതാണ് വിജയം അനായാസമാക്കിയത്.
1144-ൽ മുസ്ലീമുകൾ എഡേസാ വീണ്ടെടുത്തതോടെ 1145-ൽ ആബട്ട് ബെർണാർഡ് ക്ലാവോ രണ്ടാം കുരിശുയുദ്ധത്തിനു ആഹ്വാനം ചെയ്തു. ഫ്രാൻസിലെ ലുഡ്വിഗ് ഏഴാമനും ഉൾപ്പെടെ ഏതാനും രാജാക്കന്മാർ യുദ്ധത്തിന് തയ്യാറായി. 1149-ൽ ലക്ഷ്യം പൂർണമായി സാദ്ധ്യമാകാതെ തിരിച്ചുപോന്നു.
1187-ൽ ഗ്രിഗറി ഏഴാമൻ മാർപ്പാപ്പ മൂന്നാം കുരിശുയുദ്ധത്തിനു ആഹ്വാനം ചെയ്തു. ജര്മനിയിലെയും ഫ്രാൻസിലെയും രാജാക്കന്മാർ ഈ ആഹ്വാനം ഏറ്റെടുത്തു. യുദ്ധാനന്തരം ജറുസലേമിൽ തീർത്ഥാടകർക്ക് സന്ദർശനാനുവാദം നേടിയെടുക്കാനായി.
നാലാം കുരിശുയുദ്ധം 1202 മുതൽ 1204 വരെയായിരുന്നു. ഇന്നസൻസ് മൂന്നാമൻ മാർപ്പാപ്പ 1198-ലാണ് നാലാം കുരിശുയുദ്ധത്തിന് ആഹ്വാനം ചെയ്തത്. 1204-ൽ കുരിശുയുദ്ധം കഴിഞ്ഞു തിരിച്ചുപോകുംവഴി അവർ കോൺസ്റ്റാന്റിനോപ്പിൾ കൊള്ളയടിച്ചു. ബൈസാന്റിൻ ചക്രവർത്തിയെ നാടുകടത്തിയിട്ടു ബാൾഡുയിൻ ഒന്നാമനെ ചക്രവർത്തിയായി വാഴിച്ചു. അതോടെ ബൈസന്റിൻ സാബ്രാജ്യവും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള അകൽച്ചയും പകയും ഒരിക്കലും ഉണങ്ങാത്ത മുറിവായി മാറി. അതുപോലെ പാശ്ചാത്യ ക്രൈസ്തവ സഭയും പൗരസ്ത്യ ക്രൈസ്തവസഭയും തമ്മിലും അത് തത്തുല്യമായി മുറിവുണ്ടാക്കി.
1309-ൽ ബൈസാന്റിൻ സാബ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഗ്രീസിലെ റോദോസ് കുരിശുയുദ്ധക്കാർ കൊള്ളയടിച്ചതും പൗരസ്ത്യസഭയും പാശ്ചാത്യസഭയും തമ്മിലുള്ള മുറിവ് ആഴപ്പെടുത്തി.
കുരിശുയുദ്ധങ്ങൾ മതപരമായ ആവശ്യങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി എന്നതിലുപരി സാബത്തിക നേട്ടത്തിനും അധികാരത്തിനും വേണ്ടിയുള്ള പശ്ചാത്യരാജാക്കന്മാരുടെ യുദ്ധമായിരുന്നു. മതപരമായ കാരണങ്ങളും ഉണ്ടായിരുന്നുവെന്ന്മാത്രം.
ഇസ്ലാമിക മുന്നേറ്റങ്ങൾ രാഷ്ട്രീയമുന്നേറ്റത്തിനും സാബ്രാജ്യത്വത്തിനും മതത്തെ ഉപയോഗിച്ചുകൊണ്ടായിരുന്നു. അങ്ങനെ വിലയിരുത്തുബോൾ ഇസ്ലാമിക മുന്നേറ്റത്തിൽ മതകാരണങ്ങൾ പറഞ്ഞുള്ള കൊള്ളയും കൊലയും ആരംഭം മുതലേ വളരെ കൂടുതലായിരുന്നു. ഇസ്ലാം രാജാക്കന്മാർ നിർബന്ധിത മതപരിവർത്തനത്തിന് നേതൃത്വം കൊടുത്തതുകൊണ്ട് അവർ കിഴടക്കിയ രാജ്യങ്ങളിലെ ജനങ്ങൾ ഭൂരിഭാഗവും മതം മാറി ഇസ്ളാം സ്വീകരിക്കാൻ നിർബന്ധിതരായി.
പാശ്ചാത്യരാജാക്കന്മാർ കുരിശുയുദ്ധങ്ങളിലൂടെ ആദിമക്രൈസ്തവരുടെ നാട്ടിൽ എത്തിയപ്പോഴേക്കും അവിടെയുള്ള ജനങ്ങൾ/ക്രൈസ്തവർ ഭൂരിഭാഗവും ഏതാനും തലമുറകളായി ഇസ്ലാം വിശ്വസികളാവുകയും ക്രിസ്തുമതവും ക്രൈസ്തവരാജാക്കന്മാരും അവർക്കു അന്യമാകുകയും ചെയ്തിരുന്നു. സംസ്കാരങ്ങളുടെയും മതങ്ങളുടെയും ബഹുസ്വരത നൽകുന്ന സന്പന്നത അവർക്കു ഏതാണ്ട് പൂർണമായും നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടു ക്രിസ്തുമതത്തിലേക്ക് അവരെ തിരിച്ചുകൊണ്ടുവരാൻ ആരും മുതിർന്നില്ല.
അതേസമയം തമ്മിൽ പരസ്പരം കലഹിക്കുന്ന സമൂഹമായി അപ്പോഴേക്കും മുസ്ലീമുകൾ പരിണമിക്കുകയും ചെയ്തു. അത് കുറെയെല്ലാം കുരിശുയുദ്ധങ്ങളെ സഹായിച്ചിട്ടുണ്ടുതാനും.
9 . ഹഗ്ഗിയ സോഫിയയും ഇസ്ലാമികമുന്നേറ്റവും
ക്രിസ്തുവിനു (ബി.സി.) 2500 വര്ഷങ്ങള്ക്കു മുൻപ് അനറ്റോലിയ മെസപ്പൊട്ടാമിയൻ - അക്കാഡിയൻ സംസ്കാരങ്ങളുടെ വിളനിലമായിരുന്നു. പടിഞ്ഞാറേ ഏഷ്യ എന്നറിയപ്പെടുന്ന ബ്ലാക്ക് കടലിനും മെഡിറ്ററേനിയൻ കടലിനും ഇടക്കുള്ള ഭൂപ്രദേശമാണ് അനറ്റോലിയാ. താർസ്, ഫ്രിജിയൻ, അർമേനിയൻ വംശങ്ങളും സംസ്കാരങ്ങളും അവിടെ പ്രാമുഖ്യം നേടിയിരുന്നു. മഹാനായ അലക്സാണ്ടർ ചക്രവർത്തി (ബി.സി.334) ഈ പ്രദേശങ്ങൾ കിഴടക്കിയതു മുതൽ 1071 -ൽ മുസ്ലിം സുൽത്താൻ കിഴടക്കുന്നതുവരെ ഗ്രീക്ക് സംസ്കാരത്തിനും ഭാഷക്കും ഈ പ്രദേശങ്ങളിൽ പ്രാമുഖ്യമുണ്ടായി.
ക്രിസ്തുമതം ആദ്യം പ്രചരിച്ചത് പേർഷ്യയിലായിരുന്നു. എ.ഡി. 379 -ൽ സാപൂർ രണ്ടാമന്റെ കാലം വരെ പേർഷ്യയിൽ ക്രിസ്തുമതത്തിന് പീഠനകാലമായിരുന്നു. എ.ഡി. 399 -ലാണ് പേർഷ്യയിൽ ക്രിസ്ത്യാനികൾക്ക് മതസ്വാതന്ത്ര്യം ലഭിച്ചത്. അന്ന് മുതലാണ് പേർഷ്യൻ സഭക്ക് മറ്റു സഭകളുമായുള്ള ബന്ധം ദൃഢപ്പെട്ടത്. എ.ഡി. 410-ൽ പേർഷ്യൻ സഭ നിഖ്യാ സൂനഹദോസിന്റെ വിശ്വാസപ്രമാണം സ്വീകരിച്ചു. എ.ഡി.438 മുതൽ 477 വരെ പേർഷ്യ ഭരിച്ച ഭരണകർത്താവും പേർഷ്യയിൽ ക്രിസ്ത്യാനികളെ മതപരമായി പീഡിപ്പിച്ചു. അതായതു ക്രൈസ്തവർക്ക് എന്നും എവിടെയെങ്കിലും പീഡനകാലമായിരുന്നു. ആദ്യത്തെ നാല് നൂറ്റാണ്ടുകളിൽ സബൂർണ്ണ പീഡനവും. ഇസ്ലാമിന് എന്നാൽ കാതലായ പീഡനമൊന്നും ഉണ്ടായിട്ടില്ല. എന്തെങ്കിലും ബിദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പലപ്പോഴും രാഷ്ട്രീയാധിപത്യം ഇസ്ലാമിക വിഭാഗീയതയുടെ ഭാഗമായപ്പോഴാണ്.
സുൽത്താൻ അനറ്റോളിയ കിഴടക്കിയതോടെ അറബി ഭാഷയും ഇസ്ലാം മതവും അനറ്റോളിയയിൽ അടിച്ചേൽപ്പിക്കപ്പെട്ടു. സുന്നിമുസ്ലിമായിരുന്ന സേലിയൂക്ക് ചക്രവർത്തയാണ് അന്ന് ഏഷ്യൻ തുർക്കി എന്നറിയപ്പെടുന്ന അനറ്റോലിയ കീഴടക്കിയത്.
അപ്പോഴേക്കും കിഴക്കു ഹിമാലയൻ പർവതത്തിനും സിന്ധു നദിക്കും സമീപമുള്ള ഹിന്ദുകുഷ് വരെ മുസ്ലിംഭരണാധികൾ കിഴടക്കുകയും ഇസ്ലാംവൽക്കരിക്കുകയും ചെയ്തിരുന്നു. 712-ൽ ഇന്ത്യയിൽ സിന്ധു ഭാഗങ്ങളിൽ മുസ്ലിം ആദിപത്യമുണ്ടായി. 1001-ൽ മുഹമ്മദ് ഗസ്നി പഞ്ചാബ് വരെ കിഴടക്കിയിരുന്നു. കോൺസ്റ്റാന്റിനോപ്പിൾ 1453-വരെ സുൽത്താന് കിഴടങ്ങാതെ പിടിച്ചുനിന്നു. 1453-ൽ കോൺസ്റ്റാന്റിനോപ്പിളും വീണു. ഹഗ്ഗിയ സോഫിയ എന്ന ക്രൈസ്തവ ദേവാലയം അതോടെ മോസ്ക് ആക്കി മാറ്റി. ഒരുകാലത്തു ക്രൈസ്തവമായിരുന്ന വടക്കേ ആഫ്രിക്ക, ഏഷ്യ മൈനർ, അറേബിയ (അലക്‌സാൻഡ്രിയ, അന്തിയോക്കിയ, കോൺസ്റ്റാന്റിനോപ്പിൾ, ഡമാസ്കസ്, ജെറുസലേം) തുടങ്ങിയ പ്രദേശങ്ങളെല്ലാം ഇസ്ലാംവൽക്കരിക്കപ്പെട്ടു. അതുപോലെ യൂറോപ്പിന്റെ തെക്കു-കിഴക്കു ഭാഗങ്ങളിൽ പലതും.
ഇസ്ലാമിന്റെ തണലിൽ രാഷ്ട്രീയ മുന്നേറ്റമുണ്ടായതാണ് കോൺസ്റ്റാന്റിനോപ്പിൾ കീഴടങ്ങുന്നതിനും ഹഗ്ഗിയ സോഫിയ എന്ന ദേവാലയം മോസ്ക്ക് ആകുന്നതിനും കാരണമായത്. മതത്തെ കൂട്ടുപിടിച്ചുള്ള ഈ മുന്നേറ്റത്തെ തടയാൻ പാശ്ചാത്യ രാജാക്കന്മാർ സഹായിച്ചില്ലായെന്നതും കാരണമാണ്.
10 . ഏകദൈവവാദവും ഹഗ്ഗിയ സോഫിയയും
1453 -ൽ മുഹമ്മദ് രണ്ടാമൻ ഹഗ്ഗിയ സോഫിയ മോസ്ക്കാക്കിയതോടെ ക്രൈസ്തവ ചിത്രങ്ങളും പ്രതീകങ്ങളും മറക്കുകയോ നശിപ്പിക്കുകയോ ചെയ്തു. 2020 -ൽ എർദോഗന്റെ നേതൃത്വത്തിൽ നടക്കുന്നതും അതുതന്നെ. ഏകദൈവവിശ്വാസമാണ് കാരണമായി പറയുന്നത്.
ഏകദൈവവിശ്വാസം അംഗീകരിക്കാം. അത് ഒരു വ്യക്തിയുടെയോ ഒരു സമൂഹത്തിന്റെയോ വിശ്വാസമാണ്. ഇസ്ലാം-യുദ-ക്രൈസ്തവ മതങ്ങൾ ഏകദൈവവിശ്വാസങ്ങളാണ്. യഹൂദർ ദൈവത്തെ യഹോവയെന്നു വിളിച്ചു. മുസ്ലീമുകൾ അല്ലാഹുവെന്നു വിളിച്ചു. ക്രൈസ്തവർ പിതാവെന്ന് വിളിച്ചു. ഈ മുന്ന് വിഭാഗങ്ങളിലും പെടാത്ത പുരാതന ഏകദൈവവിശ്വാസികൾ ദൈവത്തെ ഡെമിയോർഗെന്നും, സ്രഷ്ടാവെന്നും, സർവശക്തൻ അന്നും വിളിച്ചു.
എന്നാൽ ഏകദൈവവിശ്വാസം ഏകദൈവവാദമാവുകയും അത് എല്ലാവർക്കും ബാധകമാണെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുബോൾ അത് തീവ്രവാദവുമാകുന്നു. ഏകദൈവവാദത്തെ ഏകമതവാദമായി വ്യാഖ്യാനിക്കുബോൾ അത് വീണ്ടും സംകുചിതവും ക്രൂരവുമാകുന്നു. ഇതെല്ലാം ഏകാധിപത്യത്തിലേക്കുള്ള ചുവടുവയ്പുകളും ഏകാധിപത്യത്തിന്റെ ബഹിർസ്ഭുരണങ്ങളുമാണെന്നു മനസിലാക്കുവാൻ അന്നത്തെ അപ്പത്തിന് അദ്ധ്വാനിക്കുകയും പ്രയാസങ്ങളിൽ ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുന്ന സാധാരണക്കാരന് പെട്ടെന്ന് മനസ്സിലായെന്നു വരില്ല. അതുകൊണ്ടു ഒരുപാട് നല്ല മനുഷ്യർ ഇത്തരം ഭീകരവാദത്തിന് ഇരയാകാറുണ്ട്.
ഹൈന്ദവ-ബുദ്ധ-ജൈന മതങ്ങൾ ഏകദൈവവിശ്വാസങ്ങളല്ല. എന്നുകരുതി ഒരർത്ഥത്തിലും ആ മതവിശ്വാസികൾ കുറഞ്ഞവരല്ല. സ്വന്തം ദൈവവിശ്വാസം ഓരോ പൗരനും വിശ്വസിക്കുവാനും പ്രചിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. ദൈവവിശ്വസത്തെ രാഷ്ട്രീയാധികാരത്തിനും സ്വാർത്ഥലാഭത്തിനും മാർഗമാക്കികൂടാ. മതസൗഹൃദത്തിന്റെ പ്രസക്തി അവിടെയാണ്.
ഹഗിയ സോഫിയ മോസ്കാക്കി മാറ്റിയതുമൂലം ഏകദൈവവാദവും ഏകമതവാദവും പ്രചരിപ്പിച്ചു രാഷ്ട്രീയാധികാരം നിലനിർത്താനും സ്വാർത്ഥലാഭങ്ങൾ കൊയ്യാനുമുള്ള ശ്രമമാണ് നടക്കുന്നത്. അത്തരം ശ്രമങ്ങൾ എവിടെ നടന്നാലും എല്ലാ മതങ്ങളിലുമുള്ള യഥാർത്ഥ വിശ്വാസികൾ ഒരുമിക്കണം. അതുകൊണ്ടാണ് മതസൗഹൃദം ആവശ്യമായിരിക്കുന്നത്. തീവ്രവാദത്തിനെതിരെ പ്രതിരോധവും.
2 . മതസംവാദമോ മതസൗഹൃദമോ?
മതസംവാദത്തിന്റെ ദൈവശാസ്ത്രം രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം കത്തോലിക്കാസഭയിൽ വളരെ പ്രചാരം നേടി. ആയിരത്തി തൊള്ളായിരത്തി അറുപത്തിയഞ്ചിന് ശേഷം എഴുതപ്പെട്ട കത്തോലിക്കാ ദൈവശാസ്ത്രഗ്രന്ഥങ്ങളിൽ ഏറെയും മതസംവാദത്തെക്കുറിച്ചായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഏറ്റവും ചെറിയ പ്രമാണരേഖയായ അക്രൈസ്തവമതങ്ങളുമായുള്ള സഭയുടെ ബന്ധത്തെക്കുറിച്ചും ധാരാളം രചനകളുണ്ടായി. പഠനങ്ങൾ മാത്രമല്ല ഒട്ടനവധി മതസംവാദകേന്ദ്രങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ വന്നു.
പല പാശ്ചാത്യ യൂണിവേഴ്സിറ്റികളിലെയും ക്രൈസ്തവഫാക്ൽറ്റികളിൽ മതസംവാദത്തിനു പഠനവിഭാഗങ്ങളുണ്ടായി. ഒട്ടനവധി ചിന്തകർ സംവാദങ്ങളും സെമിനാറുകളും നടത്തുകയും പ്രബന്ധങ്ങളും പുസ്തകപ്രകാശനങ്ങളും ആഘോഷമാക്കുകയും ചെയ്തു. ഇന്ത്യയിലും ഇത്തരം സംരംഭങ്ങൾ ഉണ്ടായി. അൻപതു വര്ഷങ്ങൾക്കു ശേഷം അത് വിലയിരുത്തുമ്പോൾ കത്തോലിക്കാ സഭയുടെ അക്രൈസ്തവമതങ്ങളോടുള്ള സമീപനരീതി ഉദാരമായി എന്ന് കുറേപ്പേരെ ബോധ്യപ്പെടുത്താനായി എന്നതൊഴിച്ചാൽ കാര്യമായ ഫലങ്ങൾ മതസംവാദങ്ങൾകൊണ്ട് ഉണ്ടായി എന്ന് എനിക്ക് തോന്നുന്നില്ല.
എന്നാൽ ആയിരത്തി തൊള്ളായിരത്തി എണ്പത്തിയാറ് ഒക്ടോബർ ഇരുപത്തിയേഴാം തിയതി വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ലോകമതനേതാക്കളെ അസ്സീസിയിൽ വിളിച്ചുചേർത്ത് സഹൃദസംഗമവും പ്രാർത്ഥനയും നടത്തി മതസംവാദത്തിനു പകരം മതസഹൃദം എന്നൊരാശയത്തിനു ഊന്നൽ കൊടുത്തതോടെ അക്രൈസ്തവ മതങ്ങളോടുള്ള കത്തോലിക്കരുടെ സമീപനത്തിന് പുതിയൊരു മാനം കൈവന്നു. അതോടെ മതസംവാദത്തിന്റെ ദൈവശാസ്ത്രത്തിനു പകരം മതസഹൃദത്തിന്റെ ദൈവശാസ്ത്രം സ്ഥാനം പിടിച്ചു.
രണ്ടായിരത്തി പതിനാറിൽ ആയിരത്തിതൊള്ളായിരത്തിഎണ്പത്തിയാറിലെ സമ്മേളനത്തിന്റെ മുപ്പതാം വാർഷികം സമാനമായ ചടങ്ങുകളോടെ ഫ്രാൻസിസ് മാർപ്പാപ്പ ആചരിച്ചു. സഹൃദത്തിന്റെ സ്വരമായിരുന്നു മാർപ്പാപ്പായിൽനിന്നും അന്ന് കേട്ടത്. ഇന്ന് ആവശ്യമായിരിക്കുന്നതും സഹൃദമാണ്; സംവാദത്തിലുപരിയായി. മറ്റു മതനേതൃത്വങ്ങളുമായും മതങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളുമായും സംവാദത്തിനു പകരം സമീപവാസികളായ മറ്റു മതവിശ്വാസികളുമായി സൗഹൃദം പുലർത്തുകയാണ് സമൂഹത്തിന്റെ വളർച്ചക്കും നിലനിൽപ്പിനും ആവശ്യം.
11. ഉപസംഹാരം
മതസൗഹാർദത്തിന്റെ ദൈവശാസ്ത്രം ഇന്നിന്റെ ആവശ്യമാണ്. വിശ്വാസികൾക്ക് മതവിദ്വെഷത്തിന്റെ ദൈവശാസ്ത്രവുമില്ല. മതവിദ്വെഷത്തിന്റെ ദൈവശാസ്ത്രം മതത്തെയും മതവിശ്വാസത്തെയും സ്വാർത്ഥതാല്പര്യങ്ങൾക്കു ഉപയോഗിക്കുന്ന ദുഷ്ടരായ തീവ്രവാദികൾക്കേയുള്ളു. രാഷ്ട്രീയാധികാരങ്ങൾക്കുവേണ്ടി മതവിശ്വസികളെ തീവ്രവാദത്തിലേക്ക് ഇറക്കിവിട്ട ഏകാധിപതികളുടെ മനോഭാവമാണവർക്കുള്ളത്. മതസൗഹൃദം നിലനിന്നാൽ മാത്രമേ സമൂഹജീവിതം സുസ്ഥിതമാകുകയുള്ളു.